സൗദി കാലാവസ്ഥയില്‍ നാളെ മുതല്‍ വീണ്ടും മാറ്റം വരുമെന്ന് മുന്നറിയിപ്പ്
|നാളെ മുതല്‍ ശനി വരെ തണുപ്പിന് വീണ്ടും ശക്തിയേറും
ഇന്ന് മുതല്‍ അടുത്ത ശനിയാഴ്ച വരെ സൗദിയുടെ ചില പ്രദേശങ്ങളില്‍ വീണ്ടും തണുപ്പ് വര്‍ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. താപനില കുറയുന്നതോടൊപ്പം മഞ്ഞുവീഴ്ചയിലും നേരിയ കുറവുണ്ടാകും.
തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, ഹാഇല്‍, മദീനയുടെ വടക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ താപനില കുറഞ്ഞ് മൈനസ് രണ്ട് ഡിഗ്രിയിലേക്ക് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. .
നാളെ മുതല്‍ ശനിയാഴ്ച വരെ തണുപ്പ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ ഖാസിം മേഖലയിലും റിയാദിന്റ വടക്ക്-കിഴക്കന്‍ മേഖലകലകളിലും താപനില 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെയാവാനാണ് സാധ്യത.
തബൂക്ക്, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, ഹാഇല്‍ മേഖലകളില്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ മഞ്ഞുവീഴ്ച അല്‍ ഖാസിമിലേക്കും റിയാദിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും കിഴക്കന്‍ പ്രവിശ്യയിലേക്കും വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്നും നാളെയും അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, തബൂക്ക്, ഹാഇല്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റും അടിച്ചുവീശും. പിന്നീട് പൊടിക്കാറ്റ് കിഴക്കന്‍ പ്രവിശ്യയിലേക്കും റിയാദ്, കാസിം, നജ്റാന്, മക്ക, മദീന മേഖലകളിലേക്കും വ്യാപിക്കും.
തബൂക്കിലും അല്‍ ജൗഫിലും വടക്കന്‍ അതിര്‍ത്തികളിലും ഇന്നും നാളെയും നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്.കാലാവസ്ഥയിലെ തുടര്‍ച്ചായായ മാറ്റം ആരോഗ്യപരമായ പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും വേണ്ട സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.