Saudi Arabia
Warning to Umrah companies; Complaints will be taken from pilgrims
Saudi Arabia

ഉംറ കമ്പനികൾക്ക് മുന്നറിയിപ്പ്; തീർഥാടകരിൽ നിന്ന് പരാതി സ്വീകരിക്കും

Web Desk
|
11 July 2023 7:15 PM GMT

സൗദിയിലെത്തുന്ന തീര്‍ത്ഥാടകരുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സമിതിയുണ്ട്

ഉംറ തീര്‍ത്ഥാടകരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഉംറ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി ഹജ് ഉംറ മന്ത്രാലയം. ഉംറ തീര്‍ത്ഥാകടര്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍വ്വീസ് ഓഫറുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കരാര്‍ ലംഘനത്തിന്റെ എണ്ണമനുസരിച്ചാകും ശിക്ഷ. നടപടികൾക്കെതിരെ അപ്പീൽ നൽകാനും അവസരമുണ്ടാകും.

സൗദിയിലെത്തുന്ന തീര്‍ത്ഥാടകരുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സമിതിയുണ്ട്. ഈ സമിതിക്കുള്ള മാനദണ്ഡങ്ങളും മന്ത്രാലയം പുതിയ നിയമാവലിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയെ കുറിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളെ പരാതി പരിഗണിക്കുന്നതിന് ഏഴുദിവസം മുമ്പെങ്കിലും അറിയിക്കുകയും ഇതിൽ രണ്ടു ഭാഗവും കേൾക്കുകയും വേണം. പരാതികള്‍ സമര്‍പ്പിച്ച് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പിച്ചിരിക്കണംമെന്നും നിയമാവലിയിൽ വിശദീകരിക്കുന്നു..

ഇനി പറയുന്ന വിഷയങ്ങളിൽ തീർഥാടകർക്ക് പരാതി നൽകാം.

1. യാത്രക്ക് മുന്നേ ഓഫർ ചെയ്ത താമസം, ഭക്ഷണം, ഗതാഗതം എന്നിവ നൽകാതിരിക്കൽ

2. തീര്‍ത്ഥാടകരെ സ്വീകരിക്കേണ്ട സ്ഥങ്ങളില്‍ കമ്പനി പ്രതിനിധികള്‍ എത്തിച്ചേരാതിരിക്കല്‍.

3. മടക്ക യാത്ര ടിക്കറ്റ് കണ്‍ഫോം ചെയ്യാതിരിക്കുകയോ മടക്കയാത്ര സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യല്‍. ലഗേജ് സംബന്ധിച്ച വിവരവും നൽകിയിരിക്കണം.

4. മടങ്ങി പോകാത്ത യാത്രക്കാരെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതിരിക്കല്‍

5. താമസ സ്ഥലം ഉറപ്പാക്കുന്നതിലെ കാല താമസം നേരിടൽ

6. മസ്ജിദുന്നബവിയിലെ റൗദ സന്ദര്‍ശനത്തിനു ബുക്കിംഗ് നടത്താതിരിക്കല്‍

7. ആശുപത്രിയിൽ അഡ്മിറ്റായവരുടെ വിവരങ്ങൾ അന്വേഷിക്കാതിരിക്കൽ.

ഹറമിന് സമീപത്തെ ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ ഹെൽപ്ലൈൻ കേന്ദ്രങ്ങൾ വഴിയും പരാതി നൽകാം. തീർഥാടകരുടെ പരാതിയിൽ ഉംറ കമ്പനികള്‍ക്കെതിരെ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് മന്ത്രാലയം പുറത്തു വിട്ട നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ലൈസന്‍സ് കരസ്ഥമാക്കാതെ സര്‍വ്വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

Similar Posts