യമനിലെ ഇസ്രായേൽ ആക്രമണത്തിന് വ്യോമപാത തുറന്നു കൊടുത്തിട്ടില്ല: സൗദി
|സൗദിയുടെ വ്യോമപാതയിലൂടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന പ്രചാരണങ്ങൾക്കിടയിലാണ് വിശദീകരണം
റിയാദ്:യമനിലെ ഇസ്രായേൽ ആക്രമണത്തിന് സൗദിയുടെ വ്യോമപാത തുറന്നു കൊടുത്തിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ മാലികി. സൗദിയുടെ വ്യോമപാതയിലൂടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന പ്രചാരണങ്ങൾക്കിടയിലാണ് വിശദീകരണം. യമനിലെ ആക്രമണം മേഖലയിൽ സമാധാന ശ്രമങ്ങൾ തകർക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇസ്രായേലിലേക്ക് നടത്തിയ ഹൂതികളുടെ ആക്രമണത്തിന് പിറകെ യമനിലെ ഹുദൈദയിൽ ഇന്നലെ ബോംബിട്ടിരുന്നു. ഇസ്രായേൽ വ്യോമസേനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇസ്രായേലിന് സൗദിയുടെ വ്യോമപാത വഴിയല്ലാതെ നേരിട്ട് വരാനാകില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. ഇതിനാണ് സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഇസ്രായേൽ ഗസ്സയിലെ ആക്രമണം തുടങ്ങിയ ശേഷം സൗദി വ്യോമപാത ഇതുവരെ ഒരാൾക്കും ആക്രമണത്തിനായി തുറന്നു നൽകിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
യമനിലെ ആക്രമണവും തുടർന്നുള്ള സംഭവങ്ങളും മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യമനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങുകയാണ് സൗദിയെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ ആക്രമണം നടത്തിയെങ്കിലും യമനിലെ ഹൂതികൾ പിൻവാങ്ങാൻ തയ്യാറായിട്ടില്ല. യമനോട് ചേർന്ന് നിൽക്കുന്ന രാജ്യമായ എരിത്രിയയിൽ ഇസ്രയേലിന് സൈനിക താവളമുണ്ട്. യമനിലെ ആക്രമണം ഇസ്രയേലിന്റെ എരിത്രിയയിലെ സൈനിക താവളത്തിൽ നിന്നാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണം ഇതുവരെ ഇല്ല.