Saudi Arabia
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയ നടപടിക്കെതിരെ സൗദിയിലും വ്യാപക പ്രതിഷേധം
Saudi Arabia

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയ നടപടിക്കെതിരെ സൗദിയിലും വ്യാപക പ്രതിഷേധം

Web Desk
|
30 July 2022 6:59 PM GMT

തീരുമാനം പിൻവലിക്കണമന്നും ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കാൻ സർക്കാർ കാണിച്ച ധൃതി അംഗീകരിക്കാനാകില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയ സർക്കാർ നടപടിക്കെതിരെ സൗദിയിലും വ്യാപക പ്രതിഷേധം.

കേരള മുസ്ലിം ജമാഅത്തിന്റെ പോഷക ഘടകമായ ഐസിഎഫിന്റെ നേതൃത്വത്തിലായിരുന്നു സൗദിയിലെ പ്രതിഷേധ സംഗമങ്ങൾ. കൊലയാളിയെ നിയമിച്ച വഴിവിട്ട നടപടി പിൻവലിക്കണമെന്ന് പ്രതിഷേധ സംഗമങ്ങൾ സർക്കാറിനോടാവശ്യപ്പെട്ടു.

കേരളത്തിൽ നടന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്. ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക എന്ന പ്രമേയത്തിൽ റിയാദ് ബത്ഹ നടന്ന പ്രതിഷേധ സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സെഫുദ്ദീൻ ഹാജി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

തീരുമാനം പിൻവലിക്കണമന്നും ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കാൻ സർക്കാർ കാണിച്ച ധൃതി അംഗീകരിക്കാനാകില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു. ഐസിഎഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സർക്കാറിന്റെ ഭാഗത്തുനിന്ന് ന്യായീകരിക്കാൻ കഴിയാത്ത അനാസ്ഥയാണ് കെ.എം ബഷീർ കൊലപാതക കേസിൽ ഉണ്ടായിരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലുക്മാൻ പാഴൂർ, ഷാഫി മാസ്റ്റർ, നവാസ്, നസ്‌റുദ്ദീൻ വിജെ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ സംഗമത്തിൽ സംസാരിച്ചു. ബുറൈദയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ അൽ ഖസീമിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. അബു സ്വാലിഹ് മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഓച്ചിറ പ്രമേയ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവർത്തകരും സംഗമത്തിൽ സംസാരിച്ചു.

ജിദ്ദയിലും സമാനമായിരുന്നു പ്രതിഷേധ സംഗമം. വേട്ടക്കാരനെ പാലൂട്ടുന്ന നടപടിയാണ് സർക്കാരിന്റേതെന്നും, നിയമനം റദ്ദാക്കി നീതിയുടെ പക്ഷത്ത് നിൽക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്നും ജിദ്ദയിലെ ഐസിഎഫ് സംഗമം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകൻ ഹസൻ ചെറൂപ്പ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് എറണാംകുളം ജില്ലാ പ്രസിഡണ്ട് ഇസ്മയിൽ സഖാഫി, ബാദുഷ സഖാഫി എന്നിവർക്ക് പുറമെ ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ പ്രവർത്തകർ പ്രതിഷേധകൂട്ടത്തിൽ പങ്കെടുത്ത് സംസാരിച്ചു. അബഹയിൽ നടന്ന പ്രതിഷേധ സംഗമം മുഹമ്മദ് കുട്ടി മണ്ണാർക്കാട് ഉൽഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി, സെയ്തലവി മഹായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ജനാധിപത്യ സമൂഹത്തിലെ നിയമവാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം തന്നെ തകർക്കുമെന്ന നിയമനം സർക്കാർ ഉടൻ പുനഃപരിശോധിക്കണമെന്ന് ദമ്മാമിലെ പ്രതിഷേധ സംഗമം ആവശ്യപെട്ടു. ദമാമിൽ നടന്ന പ്രതിഷേധ സംഗമം ഹാരിസ് ജൗഹരി ഉത്ഘാടനം ചെയ്തു, അൻവർ കളറോഡ്, സലിം പാലച്ചിറ, സിറാജുദ്ധീൻ വെഞ്ഞാറമൂട്, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, ഫൈസൽ, നിസാർ പൊന്നാനി, അബ്ദുൽ ബാരി നദ്വി ഹംസ ഏളാഡ്, ജഅഫർ സ്വാദിഖ് എന്നിവർ സംസാരിച്ചു. കെ.എം ബഷീറിനോട് നീതി പുലർത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ സംഗമങ്ങൾ സൗദിയിൽ തുടരുകയാണ്.

Similar Posts