ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷനിംഗ് ഹറമിൽ
|1,55,000 ടൺ ശേഷി
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് മക്കയിലെ ഹറമിൽ. 1,55,000 ടൺ ശേഷിയുള്ള എയർ കണ്ടീഷനിംഗ് സംവിധാനാമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഹറം കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന നിലയങ്ങൾ വഴിയാണ് ഹറം ശീതീകരിക്കുന്നത്. അൽ ശാമിയ, അജിയാദ് എന്നിവയാണിവ. രണ്ടിടങ്ങളിലുമായാണ് 1,55,000 ടൺ ശേഷിയുള്ള എയർ കണ്ടീഷനിംഗ് സംവിധാനമുള്ളത്. ഹറമിൽ നിന്ന് വ്യത്യസ്ത ദൂരങ്ങളിലായാണ് ഈ നിലയങ്ങൾ.
ദിവസേന ഒൻപതു തവണ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് അണു വിമുക്തമാക്കിയതിന് ശേഷമാണ് തണുത്ത വായു ഹറമിലെത്തിക്കുന്നത്. സന്ദർശകരുടെ എണ്ണവും തിരക്കുമനുസരിച്ച് വായുവിന്റെ അളവ് സജ്ജീകരിക്കും. ഇത് ഹറമിനകത്ത് സന്തുലിത കാലാവസ്ഥ സൃഷ്ടിക്കും. സാങ്കേതിക വിദഗ്ധരുടെ മേൽ നേട്ടത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. കാലാവസ്ഥക്കനുസരിച്ച് താപനില ക്രമീകരിച്ചാണ് ഹറമിൽ തണുത്ത അന്തരീക്ഷം നില നിർത്തുന്നത്.