Gulf
ദുബൈയില്‍ സ്കൂളുകള്‍ തുറക്കുന്നു
Gulf

ദുബൈയില്‍ സ്കൂളുകള്‍ തുറക്കുന്നു

Web Desk
|
23 Aug 2021 5:46 PM GMT

നിലവിൽ ദുബൈയിലെ 96​ശതമാനം അധ്യാപകരും വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​. 12മുതൽ 17വരെ പ്രായമുള്ള കുട്ടികളിൽ 70ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചതായും സമിതി വ്യക്​തമാക്കി.

ദുബൈ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ ഘട്ടംഘട്ടമായി കുട്ടികളുടെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ്​ തീരുമാനം. ആഗസ്​റ്റ്​ 29മുതൽ ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികൾക്ക്​ നേരിട്ടും അല്ലാതെയും പ​ങ്കെടുക്കാം. ​ ഒക്ടോബർ മൂന്നോടെ ദുബൈയിലെ സ്കൂളുകളിൽ വിദൂരപഠനം അവസാനിക്കുകയും എല്ലാ കുട്ടികളും നേരിട്ട് സ്കൂളിൽ ഹാജരാകൽ നിർബന്ധമാവുകയും ചെയ്യും.

നിലവിൽ ദുബൈയിലെ 96​ശതമാനം അധ്യാപകരും വാക്​സിൻ സ്വീകരിച്ചിട്ടുണ്ട്​. 12മുതൽ 17വരെ പ്രായമുള്ള കുട്ടികളിൽ 70ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചതായും സമിതി വ്യക്​തമാക്കി. ശക്​തമായ ആരോഗ്യ സുരക്ഷ മുൻകരുതൽ സ്വീകരിച്ചുകൊണ്ടാകണം സ്​കൂളുകളിൽ കുട്ടികളെയും ജീവനക്കാരെയും പ്രവേശിപ്പിക്കേണ്ടത്​. സ്​കൂൾ മാനേജ്​മെന്‍റുകളുടെയും രക്ഷിതാക്കളുജടെയും അഭിപ്രായം തേടിയാണ്​ അധികൃതർ ഈ തീരുമാനം എടുത്തത്​. സാധാരണഗതിയിലേക്ക്​ മാറുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ്​ നടപടിയെന്ന്​ ദുരന്തനിവാരണ സമിതി ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.

മുൻകരുതൽ നടപടികളും ആരോഗ്യ മാനദണ്ഡങ്ങളും കാര്യക്ഷമമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദുബൈയിലെ വിദ്യാഭ്യാസ സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ കമ്മിറ്റി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം ദുബൈ സ്വകാര്യ സ്​കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നടത്തു​മ്പോള്‍ പാലിക്കേണ്ട നിബന്ധനകൾ വ്യക്​തമാക്കുന്ന നിർദേശങ്ങൾ ദുബൈ വിദ്യഭ്യാസ വകുപ്പും പുറത്തിറക്കി​. ഇതനുസരിച്ച്​ വാക്​സിൻ സ്വീകരിക്കണ​മെന്നോ നി​ശ്​ചിത ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണമെന്നോ പ്രവേശനത്തിന്​ മാനദണ്ഡമല്ല. ഒക്​ടോബർ മൂന്നോടെ വിദൂരപഠനം നടത്താൻ വിദ്യാർഥി മെഡിക്കൽ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.

Similar Posts