Gulf
ബുർജ് ഖലീഫക്ക് ചുറ്റും ആകാശ വളയം വരുന്നു
Gulf

ബുർജ് ഖലീഫക്ക് ചുറ്റും 'ആകാശ വളയം' വരുന്നു

Web Desk
|
20 Aug 2022 2:17 AM GMT

ബുർജ് ഖലീഫക്ക് ചുറ്റുമായി മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് വളയം രൂപകൽപന ചെയ്യുന്നത്.

ദുബൈ നഗരത്തിന് മുകളിൽ വിസ്മയ ആകാശവളയം വരുന്നു. ബുർജ് ഖലീഫക്ക് ചുറ്റുമായി മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് വളയം രൂപകൽപന ചെയ്യുന്നത്. എന്നാൽ, എന്ന് മുതൽ ഇത് നിർമാണം ആരംഭിക്കുമെന്ന് വ്യക്തമല്ല.

ദുബൈയിലെ ആർക്കിടെക്ചർ സ്ഥാപനമായ സെനേറ സ്പേസ് ആണ് നഗരത്തിന് മുകളിൽ ആകാശവളയം എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. നഗരത്തിന് മുകളിൽ 500 മീറ്റർ ഉയർത്തിൽ ഡൗൺടൗൺ സർക്കിൾ എന്ന പേരിലാണ് ഇതിന്‍റെ രൂപകൽപന.

ദുബൈ നഗരത്തിലെ നിരവധി കെട്ടിടങ്ങൾ രൂപകൽപന ചെയ്ത നജ്മുസ് ചൗധരി, നീൽസ് റെമെസ് എന്നിവരാണ് ഈ വളയത്തിന്‍റെ ആശയത്തിന് പിന്നിൽ. അഞ്ച് തൂണുകളിലാണ് ബുർജ് ഖലീഫക്ക് ചുറ്റും വളയം നിർമിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാൻ തൂങ്ങി കിടക്കുന്ന പോഡുകളുണ്ടാകും. ഇതിലൂടെ യാത്ര ചെയ്യുന്നവർക്ക് വിവിധ കാലാവസ്ഥകളും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്ന വിധം സ്കൈപാർക്കും രൂപകൽപന ചെയ്തിട്ടുണ്ട്. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ രൂപകൽപന മൽസരത്തിലാണ് ആദ്യമായി ഇത്തരമൊരു വളയം നിർദേശിക്കപ്പെട്ടത്. എന്നാൽ, പദ്ധതിക്ക് എത്ര ചെലവ് വരുമെന്നോ എന്ന് നിർമാണം ആരംഭിക്കുമെന്നോ രൂപകൽപന നടത്തിയവർ വ്യക്തമാക്കിയിട്ടില്ല.

Similar Posts