Gulf
അടുത്ത വർഷവും സൗദിക്ക് മിച്ച ബജറ്റ്; രാജ്യം സാമ്പത്തിക വളർച്ചയിൽ
Gulf

അടുത്ത വർഷവും സൗദിക്ക് മിച്ച ബജറ്റ്; രാജ്യം സാമ്പത്തിക വളർച്ചയിൽ

Web Desk
|
8 Dec 2022 6:17 PM GMT

നിലവിൽ എണ്ണവിലയിൽ ചാഞ്ചാട്ടമുണ്ടെങ്കിലും അത് സൗദിയെ ബാധിച്ചിട്ടില്ല.

റിയാദ്: 1600 കോടി റിയാൽ മിച്ചം പ്രതീക്ഷിക്കുന്ന 2023ലേക്കുള്ള പൊതു ബജറ്റ് സൗദി പ്രഖ്യാപിച്ചു. 2013ന് ശേഷം സൗദി ആദ്യമായി ഈ വർഷം മിച്ച ബജറ്റിലേക്കെത്തി. 102 ശതകോടി റിയാലാണ് ഈ വർഷം സൗദിയുടെ മിച്ചം. സാമ്പത്തിക പ്രതിസന്ധി വിവിധ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുമ്പോഴാണ് സൗദിയുടെ നേട്ടം.

കോവിഡിന് ശേഷം അത്ഭുതപ്പെടുത്തുന്ന നേട്ടവുമായാണ് സൗദിയുടെ സാമ്പത്തിക വളർച്ച. ഈ വർഷം വരവ് 1234 ബില്യൺ റിയാലാണ്. ചെലവ് 1132 റിയാലും. 102 ശതകോടി റിയാൽ മിച്ചമായി പ്രതീക്ഷിക്കുന്നത്. 2013ന് ശേഷം സൗദി ആദ്യമായി മിച്ച ബജറ്റിലെത്തുന്നത് ഈ വർഷമാണ്. കിരിടീവകാശിയുടെ കീഴിൽ നടപ്പാക്കിയ സാമ്പത്തിക പദ്ധതികൾ വിജയം കാണുന്നതായാണ് ബജറ്റ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. എണ്ണ വില ഇടിഞ്ഞ 2015ൽ സൗദിയുടെ കമ്മി 389 ശതകോടി റിയാലായിരുന്നു.

നിലവിൽ എണ്ണവിലയിൽ ചാഞ്ചാട്ടമുണ്ടെങ്കിലും അത് സൗദിയെ ബാധിച്ചിട്ടില്ല. അടുത്ത വർഷം പക്ഷേ മിച്ചം അൽപം കുറയും. ഈ വർഷം 102 ശതകോടി മിച്ചമുണ്ടെങ്കിലും അടുത്ത വർഷം 16 ശതകോടിയേ മിച്ചമുണ്ടാകൂ. വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലുമാണ്. വൻകിട പദ്ധതികൾക്ക് പണം നീക്കിവയ്ക്കുന്നതാണ് അടുത്ത വർഷത്തെ ബജറ്റ് മിച്ചം കുറയാൻ കാരണം. 2022ൽ വൻകിട പദ്ധതികൾക്ക് 30 ബില്യൻ റിയാലാണ് ചെലവാക്കിയത്. 2023ലും 2024നും സമാനമായ സംഖ്യ ചെലവാക്കും.

എങ്കിലും ലോകത്തുടനീളം സാമ്പത്തിക വളർച്ച തളർച്ചയെ നേരിടുമ്പോൾ സൗദിയുടെ നേട്ടം ശ്രദ്ധേയമാണ്. ഈ വർഷത്തെ മിച്ചത്തിന്റെ ഒരു ഭാഗവും കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കില്ല. അത് കരുതൽ ശേഖരത്തിലേക്ക് നീക്കും. സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരം 2022ൽ ഏകദേശം 50 ബില്യൺ റിയാൽ വർധിച്ചിട്ടുണ്ട്.

Similar Posts