Gulf
സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായി അനുവദിക്കപ്പെട്ടാല്‍ മാത്രമേ അഫ്ഗാനിസ്താനില്‍ സുസ്ഥിര വികസനം സാധ്യമാവൂ: ഖത്തര്‍ വിദേശകാര്യമന്ത്രി
Gulf

സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായി അനുവദിക്കപ്പെട്ടാല്‍ മാത്രമേ അഫ്ഗാനിസ്താനില്‍ സുസ്ഥിര വികസനം സാധ്യമാവൂ: ഖത്തര്‍ വിദേശകാര്യമന്ത്രി

Web Desk
|
22 Sep 2021 5:37 PM GMT

ഐക്യരാഷ്ട്ര പൊതുസഭയുടെ 76-ാമത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനിയുടെ പ്രതികരണം.

സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും പൂര്‍ണമായി അനുവദിക്കപ്പെട്ടാല്‍ മാത്രമേ അഫ്ഗാനിസ്താനില്‍ സുസ്ഥിര വികസനം സാധ്യമാകൂവെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. വനിതാശാക്തീകരണത്തിന്റെ കാര്യത്തില്‍ ഖത്തറിന്റെ നയം അഫ്ഗാന്‍ ഭരണ നേതൃത്വത്തിനും പിന്തുടരാവുന്നതാണ്. ഇതിനായി താലിബാന്‍ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു

ഐക്യരാഷ്ട്ര പൊതുസഭയുടെ 76-ാമത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനിയുടെ പ്രതികരണം. പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള വിദ്യാഭ്യാസ അവകാശം പൂര്‍ണമായി അനുവദിക്കപ്പെടുന്നതിലൂടെ മാത്രമേ അഫ്ഗാനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ.

അഫ്ഗാന്റെ സര്‍വതോന്മുഖമായ വികസനത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണ്. അതിനാല്‍ തന്നെ സ്ത്രീ സ്വാതന്ത്ര്യവും അവരുടെ അവകാശങ്ങളും പൂര്‍ണമായും അംഗീകരിക്കപ്പെടേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഖത്തറുള്‍പ്പെടെയുള്ള ഇസ്‌ലാമിക രാജ്യങ്ങള്‍ പിന്തുടരുന്ന നയങ്ങള്‍ താലിബാന്‍ സര്‍ക്കാരിനും പിന്‍പറ്റാവുന്നതാണ്. ഖത്തറിന്റെ ഭരണ രംഗത്തും മറ്റുമേഖലകളിലുമെല്ലാം സ്ത്രീകള്‍ക്ക് തുല്യപരിഗണനയാണ് നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്. ഈ രീതി പിന്തുടരാന്‍ താലിബാന്‍ ഭരണ നേതൃത്വത്തോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. 58000 പേരെയാണ് അഫ്ഗാനില്‍ നിന്നും ഖത്തറിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്. അഫ്ഗാനിലെ പെണ്‍കുട്ടികളുടെ റോബോട്ടിക്‌സ് ടീമിലെ മുഴുവന്‍ പേര്‍ക്കും ഖത്തര്‍ അഭയം നല്‍കിയിരിക്കുകയാണ്. അവര്‍ക്ക് ഖത്തറില്‍ മികച്ച താമസ സൗകര്യവും പരിശീലനത്തിനുള്ള സംവിധാനങ്ങളും ഒപ്പം ഖത്തര്‍ ഫൌണ്ടേഷന്‍ വഴി സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുകയെന്നത് ആഗോളാടിസ്ഥാനത്തില്‍ തന്നെ ഖത്തര്‍ ബാധ്യതയായി കാണുന്നതായും ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Related Tags :
Similar Posts