തഖ്ദീർ അവാർഡ് രാജ്യാന്തര തലത്തിലേക്ക്; പുറം രാജ്യത്തുള്ള സംഘടനകളേയും ഇനി പുരസ്കാരത്തിന് പരിഗണിക്കും
|തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ നടപടികൾ കൈക്കൊള്ളുന്ന സ്ഥാപനങ്ങൾക്കാണ് പുരസ്കാരം
ദുബൈ: തൊഴിലാളിക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾക്ക് ദുബൈ നൽകി വരുന്ന തഖ്ദീർ അവാർഡ് രാജ്യാന്തര തലത്തിലേക്ക്. പുറം രാജ്യത്തുള്ള സംഘടനകളേയും ഇനി പുരസ്കാരത്തിന് പരിഗണിക്കും. തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ നടപടികൾ കൈക്കൊള്ളുന്ന സ്ഥാപനങ്ങൾക്കാണ് പുരസ്കാരം.
സ്റ്റാർ റേറ്റിങ്ങ് മുഖേനയാണ് അവാർഡ് നിർണയിക്കുക. സെവൻ സ്റ്റാർ ലഭിക്കുന്നവർക്ക് പത്തു ലക്ഷം ദിർഹം സമ്മാനമായി നൽകും. നിലവിൽ 5 സ്റ്റാർ വരെയുള്ളതാണ് റേറ്റിങ്. രാജ്യാന്തര തലത്തിലേക്ക് അവാർഡ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് 7 സ്റ്റാറായി ഉയർത്തിയത്. അവാർഡ്നിർണയിക്കുന്നത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാധികാരത്തിലായിരിക്കും.
തൊഴിലുടമകളേയും ജീവനക്കാരെയും ഒരുപോലെ സംരക്ഷിക്കുക. അതിന്റെ മികച്ച തെളിവാണ് തഖ്ദീർ പുരസ്കാരമെന്ന് അവാർഡ് കമ്മിറ്റി ചെയർമാനും ദുബൈ എമിഗ്രേഷൻ ഉപമേധാവിയുമായ മേജർജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സമഗ്ര മൂല്യനിര്ണത്തിലൂടെ പോയിന്റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്നതാണ് സംവിധാനം. ലോകത്ത് തന്നെ ഇതാദ്യമായാണ്. തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വിവിധമേഖലകളില്‍ സന്തോഷകരമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ്. തഖ്ദീർ അവാർഡ് ടെക്നിക്കൽ അഡ്വൈസർ ബ്രിഗേഡിയർ ജനറൽ അബ്ദുൽ സമദ് ഹുസ്സെൻ, സെക്രട്ടറി ജനറൽ ലഫ്റ്റനന്റ്കേണൽ ഖാലിദ് ഇസ്മായിൽ, എൻജിനീയർ മുഹമ്മദ് കമാൽ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.