വിമാനയാത്രയിൽ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ല; നഷ്ടപരിഹാരം നൽകി സ്പൈസ് ജെറ്റ്
|മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും യാത്രയിൽ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയിലാണ് നടപടി
ജിദ്ദ: വിമാനത്തിൽ യാത്ര ചെയ്യാൻ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്ന പരാതിയിൽ സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നൽകി. കോഴിക്കോട് നിന്നും സൗദിയിലെ ജിദ്ദയിലേക്ക് മാതാവിനോടൊപ്പം ഉംറക്ക് പുറപ്പെട്ട കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും യാത്രയിൽ സീറ്റ് അനുവദിച്ചില്ലെന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയിലാണ് നടപടി.
ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം ഉണ്ടായത്. ഉംറ കർമത്തിനായി മാതാവിനോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ട് വയസ് പിന്നിട്ട കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്നായിരുന്നു പരാതി. മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും, ബോര്‍ഡിംങ് പാസില്‍ സീറ്റ് നമ്പര്‍ ഉണ്ടായിട്ടും കുട്ടിക്ക് ഇരിക്കാന്‍ സീറ്റ് അനുവദിച്ചില്ല. ഇക്കാര്യം വിമാനത്തിൽ വെച്ച് ജീവനക്കാരെ അറിയിച്ചെങ്കിലും മോശം അനുഭവമാണ് ഉണ്ടായതെന്ന് മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സ്പൈസ് ജെറ്റിനും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കുമാണ് കുട്ടിയുടെ മാതാവ് പരാതി നല്കിയിരുന്നത്. യാത്രയിലുടനീളം കുട്ടിയെ മടിയിലിരുത്തേണ്ടി വന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും പരാതിയോടൊപ്പം സമർപ്പിച്ചു. സംഭവത്തിൽ സ്പൈസ് ജെറ്റ് വിമാന കമ്പനി ജീവനക്കാരോടും ട്രാവൽ ഏജൻസിയോടും വിശദീകരണം തേടി. കൂടാതെ സ്പൈസ് ജെറ്റിന്‍റെ ആസ്ഥാനത്ത് നിന്ന് പരാതിക്കാരിയോടും വിളിച്ച് വിശദീകരണം ചോദിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ മോശം അനുഭവത്തിന് ക്ഷമ ചോദിച്ച സ്പൈസ് ജെറ്റ് നഷ്ടപരിഹാരമായി ടിക്കറ്റ് നിരക്ക് ഉൾപ്പെടെ 33,000 രൂപയുടെ വൗച്ചര്‍ അനുവദിച്ചു. നഷ്ടപരിഹാരം നൽകാൻ സന്നദ്ധരാണെന്ന് തുടക്കം മുതലേ സ്പൈസ് അറിയിച്ചിരുന്നെങ്കിലും നിരന്തരമായ കത്തിടപാടുകള്‍ക്ക് ശേഷമാണ് നഷ്ടപരിഹാരത്തുക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയതെന്ന് പരാതിക്കാരി പറഞ്ഞു. ഭാവിയില്‍ സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ 33,000 രൂപയുടെ വൗച്ചര്‍ വിമാന കമ്പനിയില്‍ നിന്നും ലഭിച്ചതായും പരാതിക്കാരി സ്ഥിരീകരിച്ചു.