ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരത്തിൻ്റെ നറുക്കെടുപ്പ് നാളെ ജിദ്ദയിൽ
|നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയായ ജിദ്ദയാണ് ഈ വർഷത്തെ ഫിഫ ക്ലബ്ബ് ലോക കപ്പിനും ആതിഥേയത്വം വഹിക്കുക
ജിദ്ദ: ഈ വർഷത്തെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരത്തിൻ്റെ നറുക്കെടുപ്പ് നാളെ ജിദ്ദയിൽ നടക്കും. ഡിസംബർ 12 മുതൽ 22 വരെയാണ് മത്സരം. സൗദി ഫുട്ബോൾ ഫെഡറേഷനും ഫിഫയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയായ ജിദ്ദയാണ് ഈ വർഷത്തെ ഫിഫ ക്ലബ്ബ് ലോക കപ്പിനും ആതിഥേയത്വം വഹിക്കുക. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൻ്റെ മുന്നോടിയായുള്ള ക്ലബ്ബുകളുടെ നറുക്കെടുപ്പ് സെപ്തംബർ 5ന് ഉച്ചക്ക് 2 മണിക്ക് ജിദ്ദയിൽ വെച്ച് നടക്കും. ടീം പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ്.
ഡിസംബർ 12 മുതൽ 22 വരെയാണ് മത്സരം. സൗദി റോഷൻ ചാപ്യൻസ് ലീഗ് അൽ ഇത്തിഹാദ് ക്ലബ്ബുൾപ്പടെ 7 ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടുക. നിലവിൽ നടന്ന് വരുന്ന രീതിയിലുള്ള 20-ാമത്തെയും അവസാനത്തെയും മത്സരമാണിത്. 2025 ലെ ക്ലബ്ബ് ലോക കപ്പ് മത്സരങ്ങൾക്ക് അമേരിക്കയായിരിക്കും ആഥിതേയത്വം വഹിക്കുക. 32 ടീമുകളെ ഉൾപ്പെടുത്തി പുതിയ സംവിധാനത്തിലായിരിക്കും മത്സരം. മത്സരം സംഘടിപ്പിക്കുവാനും താരങ്ങൾക്ക് അഭൂതപൂർവമായ അനുഭവം പകരാനും ജിദ്ദ നഗരം ഒരുക്കമാണെന്ന് സൌദി ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. സമീപ കാലങ്ങളിൽ നിരവധി പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ജിദ്ദ നഗരം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.