റമദാനിലെ ആദ്യ ജുമുഅ നമസ്കാരം; മക്ക-മദീന ഹറമുകളിലേക്കെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികള്‍
|രാവിലെ മുതൽ തന്നെ ഹറമുകളിലേക്കുള്ള റോഡുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്
ജിദ്ദ: റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ മക്ക-മദീന ഹറമുകളിൽ ലക്ഷക്കണക്കിന് വിശ്വാസികളെത്തി. രാവിലെ മുതൽ തന്നെ ഹറമുകളിലേക്കുള്ള റോഡുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിവസം പത്ത് ലക്ഷത്തോളം വിശ്വാസികൾ ഹറമിൽ പ്രാർത്ഥനക്കും ഉംറക്കുമായെത്തി.പൊള്ളുന്ന വെയിലിൽ വിശ്വാസികൾക്ക് ആശ്വാസമേകാൻ വാട്ടർ ഫാനുകളും സുരക്ഷ ജീവനക്കാരും വിശ്രമമില്ലാതെ സേവനത്തിനുണ്ടായിരുന്നു.
മക്കയിലെ ഹറം പള്ളിയിൽ ഡോ. ഫൈസൽ ബിൻ ജാമിൽ ഗസാവി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി. ദൈവ ഭയത്തോടെ ജീവിക്കണമെന്നും, വാക്കുകളും പ്രവർത്തികളും സംശുദ്ധമാക്കണമെന്നും, തെറ്റുകളിൽ നിന്ന് പശ്ചാതിക്കാൻ റമദാനിലെ രാപ്പകലുകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വിശ്വാസികളെ ഉണർത്തി.
ഷെയ്ഖ് ഡോ. അഹമ്മദ് ബിൻ അലി അൽ-ഹുദൈഫിയാണ് മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ ജുമുഅക്ക് നേതൃത്വം നൽകിയത്. മക്കയിൽ ആദ്യ ദിവസം മാത്രം 10 ലക്ഷത്തിലധികം വിശ്വാസികൾ ഉംറക്കും പ്രാർത്ഥനക്കുമായി എത്തി. 38,000 ത്തിലധികം സംസം ബോട്ടിലുകളാണ് ഹറം പള്ളിയിൽ ആദ്യ ദിവസം വിതരണം ചെയ്തത്. പത്ത് ലക്ഷത്തോളം വിശ്വാസികൾ ആദ്യ ദിവസം മക്കയിലെ ഹറം പള്ളിയിൽ നോമ്പ് തുറയിലും പങ്കെടുത്തു.