എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ആദ്യ ഹജ്ജ് സംഘങ്ങൾ മക്കയില്‍ എത്തി
|മക്കയില്‍ എത്തിയ ഇന്ത്യൻ ഹാജിമാർക്ക് ഉജ്വല സ്വീകരണമാണ് നൽകിയത്
മക്ക: ഹജ്ജ് കർമങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഇന്ത്യക്കാരും മക്കയിലെത്തി തുടങ്ങി. എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തിയ ഇന്ത്യൻ ഹാജിമാർക്ക് ഉജ്വല സ്വീകരണമാണ് നൽകിയത്. ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സംഘടനാ വളണ്ടിയർമാർമാരും സ്വികരിക്കാൻ എത്തിയിരുന്നു
മദീനയില്‍ എട്ട് ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം തീർഥാടകർ മക്കയിൽ എത്തിയത്. വെള്ള വസ്ത്രം അണിഞ്ഞെത്തിയ അള്ളാഹുവിന്റെ അതിഥികള്‍ക്ക് വലിയ സ്വീകരണമാണ് മക്കയില്‍ ലഭിച്ചത്. ഇന്ന് വൈകുന്നേരം മക്കയിലെത്തിയ ഇവരെ സ്വീകരിക്കാൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ എന്നിവർ ഉൾപ്പെടെ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇതിന് പുറമെ മക്കയിലെ നൂറുകണക്കിന് വരുന്ന മലയാളി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഇവരെ സ്വീകരിക്കാനൊപ്പം ചേർന്നു.യൂപി ,ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 2656 ഹാജിമാരാണ് മക്കയിൽ ഇന്ന് എത്തുന്നത് .
മക്കയിലെ അസീസിയിലാണ് ഹാജിമാർക്ക് താമസം. ഇന്നു മുതല്‍ കൂടുതല്‍ സംഘങ്ങള്‍ മക്കയിലെത്തും. മക്കയിലെത്തുന്ന ഹാജിമാർ ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥർ അഥവാ ഖാദിം ഹുജ്ജാജുമാരുടെ സഹായത്തോടെ സംഘങ്ങളായി ഉംറ നിർവഹിക്കാൻ ഹറമിലേക്ക് പോകുകയാണ്. ഇവർക്ക് ഹറമിലേക്ക് പോകാനായി മക്കയിലെ അസീസിയിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. വിവിധ സംഘടനകൾ ഹാജിമാർക്ക് സഹായത്തിനായി മക്കയിലുണ്ടാകും
വിവിധ സംസ്ഥാന ഹജ്ജ് കമ്മറ്റികളുടെ കിഴിൽ എത്തിയ ഹാജിമാരുടെ സംഘങ്ങള്‍ മദീനയിലെത്തി സന്ദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയിൽ നിന്നും ഇതുവരെ 24866 ഹാജിമാരാണ് എത്തിയിട്ടുള്ളത്. മക്കയിൽ ഹാജിമാർക്കായിയി ഇന്ത്യൻ ഹജ്ജ് മിഷൻ കീഴിൽ ഡിസ്പെൻസറികളും ഹോസ്പിറ്റലുകളും തയ്യാറാക്കിയിട്ടുണ്ട്.