കുവൈത്തില്‍ ദേശീയ-വിമോചന ദിനങ്ങളില്‍ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു
|പതിനായിരത്തിലധികം ആളുകളാണ് നാല് ദിവസത്തിനുള്ളില്‍ ടവർ സന്ദർശിച്ചത്
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ ആകര്‍ഷണമായ ലിബറേഷന്‍ ടവറില്‍ പതിനായിരത്തിലധികം ആളുകൾ സന്ദർശിച്ചതായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ നാല് ദിവസത്തേക്കാണ് ദേശീയ-വിമോചന ആഘോഷത്തെ തുടര്‍ന്ന് ലിബറേഷന്‍ ടവര്‍ വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്. ദേശീയ അവധി ദിനങ്ങളിൽ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റുകളിലാണ് സന്ദർശകരെ സ്വീകരിച്ചത്. ഇതോടനുബന്ധിച്ച് കുവൈത്തിന്റെ ചരിത്രവും സാംസ്കാരികവുമായി ബന്ധപ്പെട്ട പ്രദർശനവും നടന്നിരുന്നു.
ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ടവറിന് 372 മീറ്റര്‍ നീളമുണ്ട്. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്ന ലിബറേഷന്‍ ടവര്‍ കഴിഞ്ഞ വര്‍ഷവും ദേശീയ ദിനത്തിന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. ടവറിന്റെ ഏറ്റവും മുകളില്‍ നിന്ന് കുവൈത്ത് സിറ്റിയുടെ പൂര്‍ണ്ണമായ ആകാശദൃശ്യം കാണാമെന്നതാണ് ആകർഷണം. ഇറാഖ് അധിനിവേശത്തിൽനിന്ന് വിമോചനം നേടിയതിന്റെ സ്മാരകമായി 1996 മാർച്ച് 10നാണ് ലിബറേഷൻ ടവർ ഉദ്ഘാടനം ചെയ്തത്.