ലോകത്ത് പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവ് അനുഭവപ്പെടുന്ന രാജ്യമാണ് യു.എ.ഇയെന്ന് സാമ്പത്തിക കാര്യ മന്ത്രി
|ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായി ഒപ്പിട്ട സെപ കരാർ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു
ദുബൈ: ലോകത്ത് പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവ് അനുഭവപ്പെടുന്ന രാജ്യമാണ് യു എ ഇയെന്ന് സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി. അടുത്തവർഷം ഇത് ഇനിയും കുറയും. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായി ഒപ്പിട്ട സെപ കരാർ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു. യു.എ.ഇയുടെ ഭാവി സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്താൻ 100 സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന 'ഫ്യൂച്ചർ 100' പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിലാണ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഇക്കാര്യം വ്യക്തമാക്കിയത്.
ആറുമാസമായി ആഗോളതലത്തിൽ സ്ഥിരതയില്ലാത്ത സാമ്പത്തിക സാഹചര്യമാണുള്ളത്. എന്നാൽ യു.എ.ഇ സാമ്പത്തിക ഘടനയെ ഇത് കാര്യമായി ബാധിച്ചിട്ടിലെന്ന് മന്ത്രി പറഞ്ഞു. ഈവർഷം ആദ്യ ഒമ്പത് മാസം രാജ്യത്തെ പണപ്പെരുപ്പം 5.5 ശതമാനമായിരുന്നു, ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. അടുത്ത വർഷം പണപ്പെരുപ്പം ഇനിയും കുറയും.
ഡോളർ അടിസ്ഥാനമാക്കിയല്ലാതെ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർധിപ്പിച്ചത് ദിർഹമിനെ ശക്തിപ്പെടുത്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സെപ കരാർ ആവശ്യ വസ്തുക്കുകളുടെ ലഭ്യത ഉറപ്പാക്കാനും രാജ്യത്തെ പണപ്പെരുപ്പം കുറക്കാനും സഹായിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രയേൽ എന്നിവയുമായാണ് യു.എ.ഇ സെപ കരാർ ഈ വർഷം ഒപ്പുവെച്ചത്. അടുത്ത എട്ട് വർഷത്തിനുള്ളിൽ 26 രാജ്യങ്ങളുമായി കൂടി കരാറുകൾ ഒപ്പുവെക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.