സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുന്നു; ചൊവ്വാഴ്ച മുതൽ തവക്കൽനാ സ്റ്റാറ്റസ് മാറും
|വരും ദിവസങ്ങളിൽ പുതിയ കേസുകളിൽ വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആൽ പറഞ്ഞു.
സൗദിയിൽ വരും ദിവസങ്ങളിൽ ഗുരുതര കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച മുതൽ ബൂസ്റ്റർ ഡോസെടുക്കാതെ എട്ട് മാസം പൂർത്തിയാക്കിയവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. കോവിഡ് ഭേദമായവർക്ക് ഉടൻ തന്നെ ബൂസ്റ്റർ ഡോസ് എടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായി ഇന്നും പുതിയ കോവിഡ് കേസുകളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. 3665 പേർക്ക് മാത്രമേ ഇന്ന് രോഗം സ്ഥിരീകരിച്ചുള്ളൂ. എന്നാൽ 4375 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
അതേ സമയം അത്യാഹിത വിഭാഗത്തിലുള്ളവരുടെ എണ്ണം 940 ആയി ഉയർന്നു. എന്നാൽ വരും ദിവസങ്ങളിൽ പുതിയ കേസുകളിൽ വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആൽ പറഞ്ഞു. അതോടെ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും വൻ കുറവ് വന്നേക്കും. ചൊവ്വാഴ്ച മുതൽ തവക്കൽനാ ആപ്പിലെ ഇമ്മ്യൂ്ൺ സ്റ്റാറ്റസിൽ മാറ്റം വരുമെന്ന് നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു. ബൂസ്റ്റർ ഡോസ് എടുത്തവർക്ക് മാത്രമേ ഇമ്മ്യൂൺ സ്റ്റാറ്റസ് പദവി നിലനിറുത്താനാകൂ. എന്നാൽ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം വരെ ബൂസ്റ്റർ ഡോസ് എടുക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽ രണ്ടാം ഡോ്സ് എടുത്ത് എട്ട് മാസം വരെ ഇമ്മ്യൂൺ പദവി നഷ്ടമാകില്ല. ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുന്നവർക്ക് പൊതു സ്ഥലങ്ങളിൽ ്പ്രവേശിക്കുന്നതിനോ, യാത്ര ചെയ്യുന്നതിനോ, ജോലിക്ക് ഹാജരാകുന്നതിനോ അനുവാദമുണ്ടാകില്ല. വെഡ്ഡിംഗ് ഹാളുകളിലും ഈവന്റ് ഹാളുകളിലും പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും. കോവിഡ് ഭേദമായവർക്ക് ഉടൻ തന്നെ ബൂസ്റ്റർ ഡോസ് എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.