Gulf
food,  billions of helpless people, One Billion Meals,  Ramadan,
Gulf

ശതകോടി അശരണർക്ക് ​അന്നമെത്തിക്കും; 'വൺബില്യൺ മീൽസ്​​' പദ്ധതിക്ക് റമദാൻ ഒന്നുമുതൽ തുടക്കം

Web Desk
|
19 March 2023 7:51 PM GMT

കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്

ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ​അന്നമെത്തിക്കുന്ന യു.എ.ഇയുടെ ''വൺ ബില്യൺ മീൽസ്​' പദ്ധതി ഇക്കുറിയും നടത്തും. റമദാനിൽ പാവപ്പെട്ടവർക്ക്​ ഭക്ഷണമെത്തിക്കുന്ന പദ്ധതി ഇത്തവണയും തുടരുമെന്ന്​ യു.എ.ഇ വൈസ്​പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ബിൻ റാശിദ്​ആൽ മക്​തൂം പ്രഖ്യാപിച്ചു. റമദാൻ ഒന്നുമുതൽ പദ്ധതിക്ക്​ തുടക്കം കുറിക്കും.

ലോകത്ത്​ പത്തി​ലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവും ഇസ്​ലാമികവുമായ ദൗത്യമെന്ന നിലയിലാണ്​ പദ്ധതി ഇത്തവണയും തുടരുന്നതെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിലൂടെ വ്യക്​തമാക്കി. വരും ദശകത്തിലേക്ക്​ സ്​ഥിരമായ രീതിയിൽ ഭക്ഷണം ലഭ്യമാക്കുകയാണ്​ പദ്ധതി മുഖേന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030 ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പ്രധാനമാണ്​​​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാവനകൾ നൽകാനാവും. ഭക്ഷണ പൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക് ​എത്തുക. പലസ്തീൻ, ലബനൻ, ജോർദൻ, സുഡാൻ, യമൻ, ടുണീഷ്യ, ഇറാഖ്​, ഈജിപ്ത്​, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാശേദ്​, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണ​പൊതികൾ കഴിഞ്ഞ തവണ എത്തുകയുണ്ടായി. 2020ൽ 10 മില്യൺ മീൽസ്​ പദ്ധതിയും 2021ൽ 100 മില്യൺ മീൽസ്​ കാമ്പയിനും നടപ്പാക്കിയിരുന്നു​. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ്​ കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​​.

Similar Posts