മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്തതിന് പിന്നാലെ യുവാവിന് നഷ്ടമായത് 5,900 ദിനാർ
|ആഗോള സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിക്ഷേപം നടത്തുന്നതിനായി ഇന്‍സ്റ്റാള്‍ ചെയ്ത വ്യാജ ആപ്പ് വഴിയാണ് പണം നഷ്ടമായത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്ത സ്വദേശിക്ക് 5,900 ദിനാർ നഷ്ടപ്പെട്ടു. ആഗോള സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിക്ഷേപം നടത്തുന്നതിനായി ഇന്‍സ്റ്റാള്‍ ചെയ്ത വ്യാജ ആപ്പ് വഴിയാണ് സ്വദേശിക്ക് പണം നഷ്ടമായതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു.
ലോക്കല്‍ നമ്പരില്‍ നിന്നും വന്ന അജ്ഞാത കാളറുടെ നിര്‍ദ്ദേശ പ്രകാരം സ്വദേശി യുവാവ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പണം പിന്‍വലിച്ച ബാങ്ക് സന്ദേശം ലഭിച്ചത്. ചതി മനസിലാക്കിയ യുവാവ് പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി. നേരത്തെ സമാനമായ നിരവധി കേസുകള്‍ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. സ്ക്രീന്‍ പങ്കു വെക്കല്‍ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തുന്നതുമാണ് ഇവരുടെ സ്ഥിരം രീതി.