![NEET centers in Gulf, non-resident students, latest malayalam news, medical entrance exam, ഗൾഫിലെ നീറ്റ് സെൻ്ററുകൾ, പ്രവാസി വിദ്യാർത്ഥികൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ, മെഡിക്കൽ പ്രവേശന പരീക്ഷ NEET centers in Gulf, non-resident students, latest malayalam news, medical entrance exam, ഗൾഫിലെ നീറ്റ് സെൻ്ററുകൾ, പ്രവാസി വിദ്യാർത്ഥികൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ, മെഡിക്കൽ പ്രവേശന പരീക്ഷ](https://www.mediaoneonline.com/h-upload/2024/02/10/1410391-1367880-untitled-1.webp)
ഗള്‍ഫില്‍ നീറ്റ് കേന്ദ്രങ്ങളില്ല; ആശങ്കയോടെ പ്രവാസി വിദ്യാര്‍ഥികള്‍
![](/images/authorplaceholder.jpg?type=1&v=2)
നീറ്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയത്
ദോഹ: ഇന്ത്യക്ക് പുറത്തുള്ള നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പട്ടിക. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയത്.
ഇത്തവണ ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചത്. ഇവയിൽ ഗൾഫ് ഉൾപ്പെടെ കേന്ദ്രങ്ങളുടെ പേരുകൾ ഇല്ലാത്തത് പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു.
വിവിധ ഗൾഫ് രാജ്യങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത്. യു.എ.ഇയിൽ മാത്രം നാലും (ദുബൈയിൽ രണ്ട്, ഷാർജ, അബുദബി), സൗദി (റിയാദ്), ബഹ്റൈൻ (മനാമ), ഖത്തർ (ദോഹ), ഒമാൻ (മസ്കത്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നീ ജി.സി.സി രാജ്യങ്ങളിലായിരുന്നു പ്രവാസി വിദ്യാർഥികൾ പരീക്ഷ എഴുതിയത്.
പരീക്ഷാ ഓൺലൈൻ രജിസ്ട്രേഷന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചതോടെ എവിടെ സെൻറർ നൽകുമെന്ന ആശങ്കയിലാണ് പ്രവാസി വിദ്യാർഥികൾ. രജിസ്ട്രേഷൻ സമയത്ത് നാല് സെൻററുകൾ തെരഞ്ഞെടുത്താണ് അപേക്ഷാ നടപടി പൂർത്തിയാക്കേണ്ടത്. മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് മാർച്ച് ഒമ്പതു വരെയാണ് അപേക്ഷിക്കാനാവുക. അതേസമയം, വിദേശരാജ്യങ്ങളിലെ സെൻററുകളെ വെട്ടിയത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.എ.ടി) അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.