'ഒരു ലക്ഷം രൂപ ഓണറേറിയമായി അനുവദിച്ചത് വിവാദമാക്കേണ്ട കാര്യമില്ല'; കെ.വി തോമസ്
|നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന എ.സമ്പത്തിന് നൽകിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് മന്ത്രിസഭ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി
ദുബൈ: സംസ്ഥാന സർക്കാർ തനിക്ക് ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ.വി തോമസ് മീഡിയവണിനോട്. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന എ.സമ്പത്തിന് നൽകിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് മന്ത്രിസഭ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
'ശമ്പളം വേണ്ടെന്ന് ഞാൻ ആദ്യമേ പറഞ്ഞതാണ്. അതുകൊണ്ടാണ് ഓണറേറിയം നൽകിയത്. എന്‍റെ മുൻഗാമി സമ്പത്താണ്. അദ്ദേഹം പിന്തുടർന്ന മാർഗങ്ങളാണ് ഞാനും പിന്തുടരുന്നത്. സമ്പത്ത് ഉപയോഗിച്ച ഓഫീസും വീടും തന്നെയാണ് ഞാൻ ഉപയോഗിക്കുന്നത്. അതിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല' എന്നും കെ.വി തോമസ് പറഞ്ഞു.
ഇന്നലെയാണ് മന്ത്രിസഭ കെ.വി തോമസിന് ഓണറേറിയം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയാണ് കെ.വി തോമസ്.
കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്ന കെ.വി തോമസ് പാർട്ടിയിൽ നിന്നകന്നതോടെയാണ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത്. ഇതിന് പിന്നാലെ തനിക്ക് ശമ്പളം വേണ്ടെന്ന് ഇദ്ദേഹം അറിയിക്കുകയും ഓണറേറിയം നൽകാമെന്ന് സർക്കാർ തീരുമാനിക്കുകയുമായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എം.പി എ സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അലവൻസ് ഉൾപ്പടെ 92,423 രൂപയായിരുന്നു സമ്പത്തിന്റെ പ്രതിമാസ ശമ്പളം