പണിയെടുക്കാതെ പെൻഷൻ വാങ്ങിയവർ വെട്ടിൽ; 7300 സൗദികൾക്കുള്ള പെൻഷൻ നിർത്തലാക്കി
|നിരവധി തൊഴിലവസരം നൽകിയിട്ടും ജോലി ചെയ്യാൻ കൂട്ടാക്കാത്തവർക്കുള്ള സഹായമാണ് നിർത്തി വെച്ചത്
റിയാദ്: സൗദിയിൽ ജോലിക്ക് അപേക്ഷിക്കാൻ കൂട്ടാക്കാതെ പെൻഷൻ സ്വീകരിച്ച എഴായിരത്തി മുന്നൂറ് പേർക്കുള്ള തൊഴിലില്ലായ്മ വേതനവും പെൻഷനും ഭരണകൂടം നിർത്തലാക്കി. നിരവധി തൊഴിലവസരം നൽകിയിട്ടും ജോലി ചെയ്യാൻ കൂട്ടാക്കാത്തവർക്കുള്ള സഹായമാണ് നിർത്തി വെച്ചത്. സൗദിയിൽ ഊർജിത ശ്രമത്തിലൂടെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമത്തിനിടെയാണ് പുതിയ സംഭവം.
സൗദിയിൽ വർഷങ്ങളായി നിലവിലുള്ള സംവിധാനമാണ് സാമൂഹ്യ സുരക്ഷയുടെ ഭാഗമായുള്ള തൊഴിലില്ലായ്മ വേതനം. തൊഴിലില്ലാത്ത യുവാക്കളെ സഹായിക്കാനായിരുന്നു ഇത്. എന്നാൽ ചെയ്യാൻ സാധിക്കുന്ന നിരവധി തൊഴിലുണ്ടായിട്ടും അതിന് കൂട്ടാക്കാതെ പെൻഷൻ മാത്രം വാങ്ങി വന്ന 7300 പേർക്കുള്ള തൊഴിലില്ലായ്മ വേതനവും സുരക്ഷാ പെൻഷനുമാണ് ഭരണകൂടം നിർത്തലാക്കിയത്. ഇവർ തൊഴിലവസരങ്ങൾ നൽകിയിട്ട് അപേക്ഷിക്കാൻ പോലും കൂട്ടാക്കാത്തവരാണ്. ജോലി ചെയ്യാൻ കഴിയാത്തവർക്ക് പരിശീലനം വരെ മന്ത്രാലയം നൽകുന്നുണ്ട്. ഇതിനൊന്നും തയ്യാറാകാതെ പെൻഷൻ വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും തൊഴിലില്ലായ്മ ഇല്ലാതാക്കാനുളള ശ്രമങ്ങളിൽ ഭാഗമാകണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി.
സൗദി കിരീടാവകാശിയുടെ പരിഷ്കരണങ്ങളിലൂടെ രാജ്യത്ത് തൊഴിലവസരം സൗദികൾക്ക് വർധിച്ചിട്ടുണ്ട്. ഇതിലൂടെ ആയിരങ്ങളാണ് തൊഴിലുകളിൽ കയറുന്നത്. ഇത് ഭരണകൂടത്തിനും നേട്ടമാണ്. നേരത്തെ സ്ത്രീകൾക്കും വേതനം നൽകിയിരുന്നു. തൊഴിലെടുക്കാത്തവർക്ക് നിർത്തലാക്കുമെന്ന് വന്നതോടെ ലക്ഷക്കണക്കിന് യുവതികൾ നിലവിൽ തൊഴിൽ ചെയ്യുന്നുണ്ട്. തൊഴിൽ തേടുന്നതിൽ ഗൗരവമൊന്നും കാണിക്കാത്തവർക്ക് ഇനി പെൻഷൻ കിട്ടില്ല.മപെൻഷൻ മുടങ്ങിയവർ 18 മുതൽ 40 വയസ്സുവരെയുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു.