ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നവംബർ 15 മുതൽ പുനരാരംഭിക്കും
|വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യം അപേക്ഷിക്കുന്ന അഞ്ചു ലക്ഷം പേർക്ക് സൗജന്യമായി വിസ അനുവദിക്കും. ഖത്തറിനു പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും ഇന്ത്യ ടൂറിസ്റ്റ് വിസ 15 മുതൽ അനുവദിച്ചു തുടങ്ങും.
ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നവംബർ 15 മുതൽ പുനരാരംഭിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന അഞ്ചു ലക്ഷം പേർക്ക് സൗജന്യ വിസയെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ അറിയിച്ചു. നാല് മാസം ഇന്ത്യയിൽ തങ്ങാൻ കഴിയുന്ന സന്ദർശക വിസയാണ് അനുവദിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നിർത്തിവെച്ച സന്ദർശക വിസയാണ് ഇന്ത്യ പുനരാരംഭിക്കുന്നത്. ഇതനുസരിച്ച് നവംബർ 15 മുതൽ ഖത്തറിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരാമെന്ന് ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ അറിയിച്ചു.
വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യം അപേക്ഷിക്കുന്ന അഞ്ചു ലക്ഷം പേർക്ക് സൗജന്യമായി വിസ അനുവദിക്കും. ഖത്തറിനു പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും ഇന്ത്യ ടൂറിസ്റ്റ് വിസ 15 മുതൽ അനുവദിച്ചു തുടങ്ങും. രാജ്യത്തെ വാക്‌സിനേഷൻ നൂറ് കോടി പിന്നിടുകയും, ടൂറിസം മേഖലയിലെ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയുമാണ് ഇന്ത്യ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 120 ദിവസ കാലാവധിയിലായിരിക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത്. ഇന്ത്യയിലെത്തി 30 ദിവസം രാജ്യത്ത് തങ്ങാൻ കഴിയും. ആവശ്യാനുസരണം കാലാവധി നീട്ടാനും സാധിക്കും. ഒക്ടോബർ 15 മുതൽ ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നുവെങ്കിലും, ചാർട്ടർ ഫ്‌ളൈറ്റുകളിൽ മാത്രമായിരുന്നു അനുവാദം നൽകിയത്. ദോഹ എക്‌സിബിഷൻ സെൻററിൽ നടക്കുന്ന ഹോസ്പിറ്റാലിറ്റി ഖത്തർ 2021 പ്രദർശനത്തിലെ ഇൻക്രഡിബ്ൾ ഇന്ത്യ കൗണ്ടർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ബിസിനസ് ആന്റ് പ്രഫഷണൽ കൗൺസിൽ ഖത്തർ, ഇന്ത്യൻ ട്രാവൽ പ്രൊഫഷണൽസ് ഫോറം എന്നിവരുമായി സഹകരിച്ചാണ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റാലിറ്റി ഖത്തറിൽ ഇന്ത്യ പങ്കാളികളാവുന്നത്.