ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞു
|അമിത വേഗതയുമായി ബന്ധപ്പെട്ട കേസുകളാണ് കുറഞ്ഞത്
ദോഹ: ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞു. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം നവംബറില്‍ 42 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അമിത വേഗതയുമായി ബന്ധപ്പെട്ട കേസുകളാണ് കുറഞ്ഞത്.
2021 നവംബര്‍ മാസത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗതാഗത നിയമലംഘനങ്ങള്‍ വലിയ തോതില്‍ കുറഞ്ഞതായി കാണുന്നത്. 1,99,504 ട്രാഫിക് നിയമലംഘന പരാതികളാണ് 2021 നവംബറില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2022 ല്‍ അത് 1,18,111 കേസുകളായി കുറഞ്ഞു, 42 ശതമാനത്തിന്റെ കുറവ്, 2022 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോളും നാല്‍പത് ശതമാനത്തിലേറെ കുറവ് കാണിക്കുന്നുണ്ട്. അമിത വേഗതയുമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഗണ്യമായി കുറഞ്ഞത്.
2021 നെ അപേക്ഷിച്ച് 55 ശതമാനത്തോളമാണ് കുറവ്. നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോളും നിയമ ലംഘനങ്ങള്‍ കുറയുന്നത് ശുഭസൂചനയാണ്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പുതിയ റഡാറുകള്‍ സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അമിത വേഗത, മൊബൈല്‍ ഉപയോഗം,സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളെല്ലാം ഈ ക്യാമറ കണ്ണുകളില്‍ പതിയും.