യാത്രാവിലക്ക് നീളുന്നു; ആശങ്കയിൽ ആയിരക്കണക്കിന് പ്രവാസികൾ
|വാക്സിൻ സ്വീകരിച്ചവർക്ക് എങ്കിലും യാത്ര അനുവദിക്കാൻ സർക്കാർ ഇടപടണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതമായി നീളുന്നത് ആയിരിക്കണക്കിന് പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നൂറുകണക്കിന് പേർ തൊഴിൽനഷ്ടത്തിന്‍റെ വക്കിലാണ്. വാക്സിൻ സ്വീകരിച്ചവർക്ക് എങ്കിലും യാത്ര അനുവദിക്കാൻ സർക്കാർ ഇടപടണമെന്ന ആവശ്യം ശക്തമാവുകയാണ്.
അപ്രതീക്ഷിതമായി നാട്ടിൽ കുടുങ്ങിപ്പോയത് ആയിരങ്ങളാണ്. ജോലിക്ക് ഗൾഫിലേക്ക് തിരിച്ചുപോകേണ്ട ദിവസം യാത്രവിലക്ക് നേരിടേണ്ടി വന്നവരുണ്ട്. മക്കളെ ഗൾഫിൽ നിർത്തി പോന്നതിനാൽ ഒറ്റപ്പെട്ടുപോയ കുട്ടികളുണ്ട്. മക്കൾ നാട്ടിൽ കുടുങ്ങിയ മാതാപിതാക്കളുണ്ട്.
ജോലി നഷ്ടപ്പെട്ടവർ നിരവധിയാണ്. വിലക്ക് മാസങ്ങൾ പിന്നിട്ടപ്പോൾ ശമ്പളം നിലച്ചവർ വേറെ. പക്ഷെ, ഗൾഫിൽ താമസിക്കുന്ന ഫ്ലാറ്റിന്‍റെ വാടകയും വൈദ്യുതിബില്ലും മുടങ്ങാതെ കെട്ടേണ്ടി വരുന്നതിനാൽ കടക്കെണിയിലാവർ നിരവധി. അത്യാവശ്യക്കാർക്കും വാക്സിൻ സ്വീകരിച്ചവർക്കും യാത്രാവിലക്ക് ഇളവ് നൽകാനെങ്കിലും അടിയന്തര ഇടപെടലുകളാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
നാട്ടിലെ ജോലി രാജിവെച്ച് ഗൾഫിലെ ജോലിക്കായി വിമാനം കയറാനിരിക്കെ വിലക്ക് ഇരുട്ടടി ആയവരുണ്ട്. സൗദി, കുവൈത്ത്, ഒമാൻ, യുഎഇ എന്നിവിടങ്ങളിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ ഭാവി തുലാസിലാണ്. നാട്ടിലെ അതി രൂക്ഷമായ കോവിഡ് വെല്ലുവിളികൾക്കിടയിൽ ആയിരക്കണിക്ക് പ്രവാസി കൂടുംബങ്ങങ്ങളെ ബാധിക്കുന്ന ഈ പ്രതിസന്ധി സർക്കാറും ശ്രദ്ധിക്കാതെ പോവുകയാണ്.