യു.എ.ഇ- അർജന്‍റീന സൗഹൃദ മത്സരം: മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞു
|മെസ്സിയെയും കൂട്ടരെയും നേരിട്ടു കാണാനുള അവസരമാണിത്.
ലോകകപ്പിന് മുന്നോടിയായി യു.എ.ഇയും അർജന്‍റീനയും തമ്മിൽ അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. 27 മുതൽ 5000 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. നവംബർ 16ന് അബൂദബി മുഹമ്മദ്ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പിന് മുമ്പുള്ള അവസാന പരിശീലന മത്സരമായതിനാൽ തന്നെ അർജന്‍റീനയുടെ ഫുൾ ടീം കളത്തിലിറങ്ങും. മെസ്സിയെയും കൂട്ടരെയും നേരിട്ടു കാണാനുള അവസരമാണിത്. വൻതുക കൊടുത്തും ടിക്കറ്റ് സ്വന്തമാക്കാൻ ആളുകൾ മത്സരിക്കുകയായിരുന്നു. സ്വദേശികൾക്ക് പുറമെ നിരവധി പ്രവാസികളും മത്സരം കാണാൻ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ലോകകപ്പിൽ ചാമ്പ്യൻമാരാകുമെന്ന് പ്രതീക്ഷിക്കുന്ന ടീം കൂടിയാണ് അർജന്‍റീന. മെസ്സിയെയും സംഘത്തെയും സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ്അബൂദബിയിൽ നടക്കുന്നത്. മൂന്ന്ദി വസത്തോളം ടീം അബൂദബിയിലുണ്ടാവും. തുടർന്ന് ഖത്തറിലേക്ക് പറക്കും.
അതിനിടെ, ലയണൽ മെസ്സിയുടെ പരിശീലനം അബൂദബിയിൽ ഉറപ്പായി. അൽനഹ്യാൻ സ്റ്റേഡിയത്തിൽ നവംബർ 13ന് വൈകുന്നേരം ആറ് മുതൽ നടക്കുന്ന പരിശീലനം കാണാൻ കാണികൾക്കും അവസരമുണ്ട്. 25 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. നവംബർ 16ന് യു.എ.ഇക്കെതിരെ അബൂദബിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് പരിശീലനം.
മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, മാർട്ടിനസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ അർജന്‍റീനൻ താരങ്ങളും പരിശീലനത്തിനിറങ്ങും. ലയണൽ സ്കലോനിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന മുറകൾ നേരിൽ കാണാനുള്ള അവസരം കൂടിയായിരിക്കും ഇത്.