ഭിക്ഷാടനം നടത്തിയ 110 പേരെ ഷാര്‍ജയില്‍ അറസ്റ്റ് ചെയ്തു
|പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദർശക വിസയിലെത്തിയവരാണ് ഇവരിൽ അധികവുമെന്ന് ഷാർജ പൊലീസ് അറിയിച്ചു
യു.എ.ഇ: റമദാനിൽ ഭിക്ഷാടനം നടത്തിയ 110 പേരെ ഷാർജയിൽ അറസ്റ്റ് ചെയ്തു. റമദാനിലെ ആദ്യ 12 ദിവസങ്ങളിലെ കണക്കാണിത്. പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദർശക വിസയിലെത്തിയവരാണ് ഇവരിൽ അധികവുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.
അറസ്റ്റിലായതിൽ 100 പുരുഷൻമാരും 10 സ്ത്രീകളുമുണ്ട്. ഷാർജ പൊലീസിന് മറ്റുള്ളവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. റസിഡന്റ് വിസയിലുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.
'യാചന കുറ്റകരമാണ്' എന്ന പേരിൽ ഷാർജ പൊലീസ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് അറസ്റ്റ്. ദാനധർമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക ചാനലുകൾ വഴി നൽകണമെന്നും അധികൃതർ അറിയിച്ചു. യാചകരെ പിടിക്കുന്നതിന് വിവിധ സ്ഥലങ്ങളിൽ പൊലീസ്പട്രോൾ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പള്ളികൾ, മാർക്കറ്റ്, ബാങ്ക്, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും യാചകരെ കാണുന്നത്.
കഴിഞ്ഞ ദിവസം ദുബൈ പൊലീസ് 67 പേരെ അറസ്റ്റ് ചെയ്തിരുന്നു. 31പുരുഷൻമാരും 36സ്ത്രീകളുമാണ് പിടിയിലായത്. 'ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്' എന്ന തലക്കെട്ടിലാണ് ദുബൈ പൊലീസിന്റെ കാമ്പയിൻ.