UAE
12 മാസം, 12 ശീലങ്ങൾ; സുസ്ഥിര ജീവിതത്തിനായി​ കാമ്പയിൻ സംഘടിപ്പിച്ച് ദുബൈ പ്രൊജക്ഷൻ ഹൗസ്
UAE

12 മാസം, 12 ശീലങ്ങൾ; സുസ്ഥിര ജീവിതത്തിനായി​ കാമ്പയിൻ സംഘടിപ്പിച്ച് ദുബൈ പ്രൊജക്ഷൻ ഹൗസ്

Web Desk
|
1 March 2023 6:30 PM GMT

തൊഴിലിടങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങൾക്ക്​ പരിഹാരം കാണുകയും അതുവഴി സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയുമാണ്​ ലക്ഷ്യമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു

യു.എ.ഇ: 12 മാസങ്ങളിലായി 12 ശീലങ്ങൾ വളർത്തുകയും അത്​ജീവിതത്തിൽ തുടരുകയും ജോലി സ്ഥലങ്ങളിൽ നടപ്പാക്കുകയും ചെയ്യാൻ പ്രോത്സാഹിപ്പിച്ച്​ കാമ്പയിൻ. ദുബൈ പ്രൊജക്ഷൻ ഹൗസാണ്​ വേറിട്ട ഈ സംരംഭം പ്രഖ്യാപിച്ചത്​. തൊഴിലിടങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങൾക്ക്​ പരിഹാരം കാണുകയും അതുവഴി സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയുമാണ്​ ലക്ഷ്യമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മെച്ചപ്പെട്ട ശാരീരിക മാനസിക നില നേടി കൂടുതല്‍ ഉദ്​പാദനക്ഷമത കൈവരിക്കാൻ അവസരം ഒരുക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യം. തൊഴിലിടത്തിനകത്തും പുറത്തുമെല്ലാം നല്ല മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി 12 സിദ്ധാന്തങ്ങളാണ് നടപ്പാക്കുന്നത്. ജനുവരിയില്‍ വാട്ടര്‍ ബ്രേക്ക്, സ്‌റ്റെ ഹൈഡ്രേറ്റഡ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയില്‍ വെള്ളം കുടിക്കാനുള്ള നിർദേശമാണ്​ നൽകുന്നത്​.ഫെബ്രുവരിയില്‍ ഐ ബ്രേക്ക് എന്ന പ്രമേയത്തില്‍ നേത്രസംരക്ഷണ ബോധവത്കരണം.

ശുദ്ധജല സംരക്ഷണത്തിനായി ഓരോ ദിവസവും ഒരു ദിര്‍ഹം വീതം മാറ്റിവെക്കുകയാണ് മാര്‍ച്ച് മാസത്തിലെ ബോധവത്കരണം ലക്ഷ്യമിടുന്നത്​.കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവരെ സന്ദര്‍ശിച്ച് അവരില്‍ ജീവിതപ്രതീക്ഷ നല്‍കാനായി ആക്ട് ഓഫ് കൈന്‍ഡ്‌നെസ്, നിക്ഷേപ സാധ്യകളെക്കുറിച്ചുള്ള ബോധവത്കണം, ലോക സംഭവവികാസങ്ങള്‍ മനസ്സിലാക്കല്‍, ആരോഗ്യത്തിന് മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍, ഓരോരുത്തരുടെയും കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രചോദനമേകുന്ന കഥകള്‍ പങ്കിടൽ, ദിവസവും ഒരു തൈ നട്ട് ആവാസവ്യവസ്ഥയെ നിലനിര്‍ത്തൽ, ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം, എന്‍റെ ഭൂമി എന്‍റെ സ്വര്‍ഗമാണ് തുടങ്ങിയ പ്രമേയത്തിലുള്ള ബോധവത്കരണമാണ് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായി നടപ്പാക്കുക

പ്രൊജക്ഷന്‍ ഹൗസിലെ എല്ലാ ജീവനക്കാര്‍ക്കുമായി ഇതിന്‍റെ ആദ്യഘട്ടം നടപ്പാക്കി. താല്‍പ്പര്യമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് മാതൃകയാക്കാമെന്ന് പ്രൊജക്ഷന്‍ ഹൗസ് സംഘാടകരായ അല്‍മോ ഗ്രൂപ്പ് മാനേജിംഗ്ഡയറക്ടര്‍ ജോണ്‍ സിമെന്‍റോ, ഗ്രൂപ്പ് സി.ഇ.ഒജമാല്‍ സാബ്രി, പ്രൊജക്ഷന്‍ ഹൗസ് ജി.എം ജാസ്മിന്‍ മന്‍സൂര്‍, ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ സിദ്ധാര്‍ത്ഥ് സായ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

Similar Posts