പാർക്കിൽനിന്ന് തലയിൽ ഊഞ്ഞാൽ വീണ വിദ്യാർഥിനിക്ക് ഒന്നര കോടി രൂപ നഷ്ടപരിഹാരം
|അൽ ഐനിലെ പബ്ലിക്ക് പാർക്കിൽ കളിക്കുന്നതിനിടെ തലയിൽ ഊഞ്ഞാൽ വീണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് ഏഴ് ലക്ഷം ദിർഹം(ഏകദേശം ഒന്നര കോടിയിലേറെ ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവ്. പാർക്ക് മാനേജ്മെന്റിന് കീഴ്ക്കോടതി 400,000 ദിർഹം പിഴ വിധിച്ചതോടെ അധികൃതർ അപ്പീൽകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അൽ ഐൻ അപ്പീൽ കോടതി മുൻ വിധി ശരിവച്ച ശേഷം നഷ്ടപരിഹാര തുക 700,000 ദിർഹമായി ഉയർത്തുകയും ചെയ്തു.
പെൺകുട്ടിയുടെ പിതാവാണ് അൽ ഐനിലെ പബ്ലിക് പാർക്ക് മാനേജ്മെന്റിനും ഉത്തരവാദികളായ അതോറിറ്റിക്കുമെതിരെ കേസ് ഫയൽ ചെയ്തത്.
സ്‌കൂളിൽനിന്നുള്ള യാത്രയിലാണ് പാർക്കിൽവച്ച് തന്റെ മകളുടെ മേൽ ഊഞ്ഞാൽ വീണതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തലയോട്ടിയിൽ ഒന്നിലധികം പൊട്ടലുകളും മുഖത്തും കഴുത്തിലും മുറിവേറ്റിട്ടുമുണ്ടെന്ന് ഫോറൻസിക് ഡോക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.