ദുബൈ കസ്റ്റംസ് വിവരം നല്‍കി; ന്യൂസിലൻഡിൽ വന്‍ മയക്കുമരുന്ന് വേട്ട
|ഒരു ഏഷ്യൻ രാജ്യത്തുനിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണു വിവരം
ദുബൈ: വൻമയക്കുമരുന്ന് വേട്ടയുമായി ദുബൈ, ന്യൂസിലൻഡ് കസ്റ്റംസ് വിഭാഗങ്ങൾ. 70 ദശലക്ഷം ഡോളർ വിലമതിക്കുന്ന 200 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ദുബൈ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂസിലൻഡ് തുറമുഖത്തായിരുന്നു ഓപറേഷൻ.
ഗോതമ്പ്മെതിയന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മെത്തഫെറ്റാമിൻ ഗുളികകളാണ് അധികൃതർ പിടികൂടിയത്. മയക്കുമരുന്നുകടത്ത് സംബന്ധിച്ച വിവരം ദുബൈ പൊലീസ്പങ്കുവെച്ചതാണ് കടത്ത് തടയാനായതെന്ന് ന്യൂസിലൻഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏഷ്യൻ രാജ്യത്തുനിന്നാണ് മയക്കുമരുന്ന് എത്തിയത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രാദേശികമായും മേഖലാതലത്തിലും രാജ്യാന്തരതലത്തിലും നടക്കുന്ന മയക്കുമരുന്നുകടത്തും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിൽ ഇന്‍റലിജൻസ് ഡിപാർട്ട്മെന്റുകൾ നിർണായകമായ പങ്കുവഹിക്കുന്നതായി ദുബൈ കസ്റ്റംസ്അറിയിച്ചു.
അനധികൃത മയക്കുമരുന്ന് കടത്ത് ഫലപ്രദമായി തടയുന്നതിനും മറ്റ് നിയമവിരുദ്ധ നടപടികൾ ഇല്ലാതാക്കുന്നതിനും കസ്റ്റംസ് ഏജൻസികൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നതെന്നും ദുബൈ കസ്റ്റംസ് കൂട്ടിച്ചേർത്തു.
Summary: On the basis of the information provided by Dubai, 200 kilograms of drugs worth 70 million dollars were seized in the port of New Zealand.