ദിർഹമിന് 21.10 രൂപ, കുവൈത്ത് ദിനാർ 252. 48 രൂപ; ചരിത്രത്തിലെ ഉയർന്ന നിരക്കിൽ ഗൾഫ് കറൻസികൾ
|നാട്ടിലേക്ക് പണമയക്കുമ്പോൾ ഉയർന്ന തുക നാട്ടിലെത്തിക്കാൻ കഴിയുന്ന സമയമായതിനാൽ മണി എക്‌സ്‌ചേഞ്ചുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴേക്ക് കൂപ്പ് കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. യു.എ.ഇ ദിർഹമിന്റെ മൂല്യം 21 രൂപ 10 പൈസ വരെ എത്തിയിരിക്കുകയാണ്. 20 ദിർഹം 97 പൈസയാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്ന ഏറ്റവും ഉയർന്ന നിരക്ക്. സമാനമായ രീതിയിൽ മുഴുവൻ ഗൾഫ് കറൻസികളും മുകളിലേക്ക് കുതിച്ചു.
അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെട്ടതും, ഉയരുന്ന എണ്ണവിലയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിന് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ വിറ്റഴിക്കൽ പ്രവണത തുടരുന്നത് ഇതിന് ആക്കം കൂട്ടി. ഒരു യു.എ.ഇ ദിർഹത്തിന് 21 രൂപ 10 പൈസ എന്ന നിലയിലേക്ക് വിനിമയ നിരക്ക് എത്തിയപ്പോൾ ഖത്തർ റിയാലിന്റെ മൂല്യം 21 രൂപ 28 പൈസയിലേക്കും, സൗദി റിയാലിന്റെ മൂല്യം 20 രൂപ 66 പൈസയിലേക്കും ഉയർന്നു.
ഒമാനി റിയാലിന്റെ മൂല്യം 201 രൂപ 27പൈസയായി. ബഹ്‌റൈൻ ദിനാർ 205 രൂപ 61 പൈസയിലേക്ക് എത്തി. ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദിനാർ 252 രൂപ 48 പൈസയിലേക്ക് കുതിച്ചു.നാട്ടിലേക്ക് പണമയക്കുമ്പോൾ ഉയർന്ന തുക നാട്ടിലെത്തിക്കാൻ കഴിയുന്ന സമയമായതിനാൽ മണി എക്‌സ്‌ചേഞ്ചുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. പലർക്കും ശമ്പളം ലഭിച്ച ആഴ്ചയായതിനാൽ ഇത് മികച്ച അവസരമായി. റിസർവ് ബാങ്കിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം അടുത്തദിവസം വീണ്ടും താഴേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ദിർഹമിന് 21 രൂപ 49 പൈസയിലേക്ക് വരെ മൂല്യമെത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ.