ഷാർജയിൽ ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും
|ഒക്ടോബർ ഒന്നു മുതൽ ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്കും മെറ്റീരിയലുകൾക്കും 25ഫിൽസ് ഈടാക്കും. എമിറേറ്റിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മറ്റു പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് ഊർജ്ജം പകരാനും വേണ്ടിയാണ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഈ തീരുമാനം.
2024 ജനുവരി 1 മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ എമിറേറ്റിൽ പൂർണമായും ഒഴിവാക്കും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഒക്ടോബറിൽ ഈ നിയമം നടപ്പിലാക്കുന്നത്.
തീരുമാനമനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റു വസ്തുക്കളും കച്ചവടം ചെയ്യുന്നതും ഉൽപ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്. അവയ്ക്ക് പകരമായി പുനരുപയോഗിക്കാൻ സാധിക്കുന്ന ബാഗുകളും മുനിസിപ്പാലിറ്റി അംഗീകരിച്ച സവിശേഷതകളും മാനദണ്ഡങ്ങളുമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമിച്ചവയും ഉപയോഗിക്കാവുന്നതാണ്.