ചുവന്നുള്ളി എന്ന വ്യാജേന കടത്താൻ ശ്രമം; ദുബൈയിൽ 26 കിലോ കഞ്ചാവ് പിടികൂടി
|കസ്റ്റംസിന്റെ എക്‌സ്‌റേ പരിശോധനയിലാണ് ബാഗിനകത്ത് ചുവന്നുള്ളിയല്ലെന്ന സൂചന ലഭിച്ചത്
ദുബൈ:ദുബൈയിൽ 26 കിലോയിലേറെ കഞ്ചാവ് പിടികൂടി. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് ഭക്ഷണസാധനങ്ങളെന്ന വ്യാജനേ ദുബൈയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് രണ്ട് ഘട്ടമായി കഞ്ചാവ് പിടിച്ചെടുത്തത്.
ചുവന്നുള്ളി എന്ന് രേഖപ്പെടുത്തി ഭക്ഷ്യസാധനങ്ങളെന്ന വ്യാജന ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് അയച്ച ഷിപ്‌മെന്റ് സംശയം തോന്നി പരിശോധിക്കുന്നിനിടയിലാണ് 14 കിലോ 850 ഗ്രാം കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസിന്റെ എക്‌സ്‌റേ പരിശോധനയിലാണ് ബാഗിനകത്ത് ചുവന്നുള്ളിയല്ലെന്ന സൂചന ലഭിച്ചത്. മണിക്കൂറുകൾക്കകം ഇതേ രാജ്യത്ത് നിന്ന് തന്നെ പല മേൽവിലാസങ്ങളിൽ സമാനമായ ചരക്കുകളെത്തി. എക്‌സ്‌റേ പരിശോധനയിൽ ഇവയിൽ നിന്ന് 11 കിലോ 600 ഗ്രാം കഞ്ചാവ് കണ്ടെത്താനായി. മൊത്തം 26 കിലോ 450 ഗ്രാം കസ്റ്റംസ് കണ്ടെത്തി. കഞ്ചാവ് കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.