അവസാന 6 മിനിറ്റിൽ 3 ഗോൾ; റൊണാൾഡോയുടെ അൽ നസ്ർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ
|അവസാന ആറ് മിനിറ്റിൽ നേടിയ മൂന്ന് ഗോളുകളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ സീറ്റുറപ്പിച്ചു. യുഎഇ ക്ലബായ ശബാബ് അൽ അഹ്ലിക്ക് എതിരെയാണ് രണ്ടിനെതിരെ നാല് ഗോളിന്റെ വിജയം.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിൽ നാടകീയമായ വിജയം സ്വന്തമാക്കിയാണ് അൽ നസ്ർ ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടിയത്. ശബാബ് അൽ അഹ്ലിക്ക് എതിരെ 89 മിനുട്ട് വരെ പിറകിൽ നിന്ന അൽ നസർ അവസാന 6 മിനുട്ടിൽ 3 ഗോളുകൾ നേടുകയായിരുന്നു. മികച്ച ലൈനപ്പുമായി ഇറങ്ങിയ അൽ നസർ 11 ാം മിനുട്ടിൽ ലീഡ് നേടിയത് ടലിസ്കയിലൂടെയായിരുന്നു.
18ആം മിനുട്ടിൽ അൽ ഗസാനിയിലൂടെ അൽ അഹ്ലിയുടെ സമനില ഗോൾ പിറന്നു. ആദ്യ പാതിയിൽ കളി സമനിലയിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗസാനിയിലൂടെ ശബാബ് അൽ അഹ്ലി വീണ്ടും ഗോൾ നേടി. സ്കോർ 2-1.
89ആം മിനുട്ടിൽ സുൽത്താൻ അൽ ഗന്നാമിന്റെ ഹെഡറിലൂടെ അൽ നസർ സമനില പിടിച്ചു. പിന്നാലെ അൽ നസ്ർ ആക്രമണം ശക്തമാക്കി. 94 ാം മിനുട്ടിൽ ടലിസ്കയുടെ ഹെഡറിലൂടെ അൽ നസർ വീണ്ടും മുന്നിലെത്തി. സ്കോർ 3-2.
തൊട്ടടുത്ത മിനുട്ടിൽ റൊണാൾഡോ നൽകിയ പാസിൽ ബ്രൊസോവിച് നാലാം ഗോളും സ്വന്തമാക്കി. സ്കോർ 4-2. ഇതോടെ അൽ നസ്ർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലേക്ക് പ്രവേശിച്ചു.