![370 crore dirham received through Dubai RTA digital channels 370 crore dirham received through Dubai RTA digital channels](https://www.mediaoneonline.com/h-upload/2024/10/06/1445239-rta.webp)
ദുബൈ ആർടിഎ ഡിജിറ്റൽ ചാനലുകൾ വഴി ലഭിച്ചത് 370 കോടി ദിർഹം
![](/images/authorplaceholder.jpg?type=1&v=2)
ആകെ ഡിജിറ്റൽ ഇടപാട് 82.1 കോടി, വരുമാനത്തിൽ 16.8 ശതമാനം വളർച്ച
ദുബൈ: 2023 സാമ്പത്തിക വർഷം ഡിജിറ്റൽ ചാനലുകൾ വഴി ദുബൈ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ലഭിച്ച വരുമാനം 370 കോടി ദിർഹം. 82.1 കോടി ഡിജിറ്റൽ ഇടപാടുകളാണ് ഇക്കാലയളവിൽ നടന്നത്. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 16.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ആർടിഎയുടെ സ്മാർട്ട് ആപ്പുകൾ വഴി മാത്രം 1.5 കോടി ഇടപാടുകളാണ് കഴിഞ്ഞ വർഷം നടന്നത്. 2022 നേക്കാൾ 29 ശതമാനം വർധന. ആർ.ടി.എ ആപ്പുകളിലൂടെയുള്ള തത്സമയ ഉപഭോക്തൃ സന്തോഷ സൂചകം 2022 നേക്കാൾ രണ്ട് ശതമാനം വർധിച്ച് 95 ലെത്തി. കഴിഞ്ഞവർഷം ആർ.ടി.എയുടെ ഡിജിറ്റൽ സേവന മാർഗങ്ങളിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 14.04 ലക്ഷമാണ്. ആർ.ടി.എ ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറുകളിൽനിന്ന് 30 ലക്ഷം തവണയാണ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്.
ഡിജിറ്റൽ മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനാണ് തങ്ങളുടെ ശ്രമമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറയുന്നു. സമഗ്ര റോഡ് മാപ്പ് പുറത്തിറക്കുന്നതിന്റെ ഭാഗമായി ചാറ്റ്ബോട്ട് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നവീകരിച്ച മഹ്ബൂബ് ചാറ്റ്ബോട്ട് ആർ.ടി.എ അടുത്തിടെ പുറത്തിറക്കിയിരുന്നു. പുതുതലമുറ സ്മാർട്ട് കിയോസ്കുകളും വികസിപ്പിട്ടുണ്ട്. 42 ആർ.ടി.എ സേവനങ്ങളാണ് കിയോസ്കുകൾ വഴി നൽകി വരുന്നത്.
പാർക്കിങ് സേവനങ്ങൾ, നോൾ കാർഡുകൾ, ദുബൈ ഡ്രൈവ് ആപ്, ഷൈൽ ആപ്, ദുബൈ നൗ തുടങ്ങിയവയെല്ലാം ആർടിഎ നൽകുന്ന ഡിജിറ്റൽ സേവനങ്ങളാണ്.