53 അനധികൃത പാർക്കിങ് കേന്ദ്രം അടപ്പിച്ചു; കർശന നടപടിയുമായി ഷാർജ നഗരസഭ
|നിലവിൽ ഷാർജ നഗരത്തിൽ 57,000 പൊതുപാർക്കിങ് ഇടങ്ങൾ ലഭ്യമാണെന്ന് മുനിസിപ്പാലിറ്റി
ഷാർജ: നഗരത്തിൽ 53 അനധികൃത പാർക്കിങ് മേഖലകൾ അടച്ചുപൂട്ടിയതായി ഷാർജ നഗരസഭ അറിയിച്ചു. ഈ വർഷം 2440 പെയ്ഡ് പാർക്കിങ് സ്ലോട്ടുകൾ നഗരത്തിൽ തുറന്നതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതുപാർക്കിങ് ലഭ്യമായിട്ടും അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുനിസിപ്പാലിറ്റി അനധികൃത പാർക്കിങ് മേഖലകൾ അടച്ചിടാൻ നിർദേശിച്ചതെന്ന് നഗരസഭ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഷാർജ നഗരത്തിന്റെ എല്ലാ മേഖലയിലും പെയ്ഡ് പാർക്കിങ് സൗകര്യം ലഭ്യമാക്കാനാണ് നഗരസഭയുടെ തീരുമാനം. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് നഗര സൗന്ദര്യത്തെയും സുരക്ഷയെയും ബാധിക്കുന്നുണ്ട്. നിലവിൽ ഷാർജ നഗരത്തിൽ 57,000 പൊതുപാർക്കിങ് ഇടങ്ങൾ ലഭ്യമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഈ കേന്ദ്രങ്ങളിൽ നിയമം പാലിച്ചാണ് വാഹനങ്ങൾ നിർത്തിയിടുന്നതെന്ന് ഉറപ്പാക്കാനും ദുരുപയോഗം ഒഴിവാക്കാനും പരിശോധന ശക്തമാണെന്നും നഗരസഭ വ്യക്തമാക്കി.