വിദേശികൾക്ക് അറബിഭാഷ പഠിക്കാൻ താൽപര്യമേറുന്നതായി പഠനം
|അബൂദബിയിൽ വിദേശികൾക്കിടയിൽ അറബി ഭാഷ പഠിക്കാൻ താൽപര്യമേറുന്നതായി പഠനം. മറ്റുഭാഷകൾ സംസാരിക്കുന്നവരിൽ 64% പേർക്കും അറബി പഠിക്കാൻ ആഗ്രഹമുണ്ടെന്നാണ് കണ്ടെത്തൽ. അബൂദബി അറബിക് ഭാഷാ സെന്റ(ALC)റിന്റെ കീഴിലാണ് പഠനം നടന്നത്.
വിജ്ഞാനം, സംസ്‌കാരം, സർഗ്ഗാത്മകമേഖലകൾ എന്നിവയിൽ അറബി ഭാഷയുടെ സ്വാധീനവും പരമ്പരാഗത, ഡിജിറ്റൽ മാധ്യമങ്ങളിലെ അറബിഭാഷയുടെ ഉപയോഗവുമെല്ലാം പഠനത്തിന് മാനദണ്ഡങ്ങളാക്കിയിരുന്നു.
2021 പകുതി മുതൽ 2022 ജൂൺ അവസാനം വരെയുള്ള 12 മാസങ്ങളിലായി നടത്തിയ ഫീൽഡ് റിസർച്ചിന്റെ ഫലങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. അബൂദബി എമിറേറ്റിൽ താമസിക്കുന്ന 6,087 മുതിർന്നവർ പഠനത്തിൽ ഉൾപ്പെട്ടു.
സാംസ്‌കാരിക, സർഗ്ഗാത്മക, ബൗദ്ധിക മേഖലകളിൽ അറബി ഭാഷയെ പരിപോഷിപ്പിക്കുന്നതിനും അറബി ഭാഷാ വികസനവും ആധുനികവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുമായി അറബിക് ഭാഷാ സെന്ററിന്റെ കീഴിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. എഴുത്ത്, വിവർത്തനം, പ്രസിദ്ധീകരണം എന്നിങ്ങനെയുള്ള വിവധ മേഖലകളെ പിന്തുണയ്ക്കുന്നതിനും അറബിക് ഭാഷാ സെന്റർ കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.