മരുഭൂമിയിലെ ഗോതമ്പ് പാടം ആദ്യ വിളവെടുപ്പിനൊരുങ്ങുന്നു
|500 ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പത്തിൽ 400 ഹെക്ടറിലാണ് ഗോതമ്പ് കൃഷി
ഷാർജയിലെ മരുഭൂമിയിൽ വിളയിച്ചെടുത്ത ഗോതമ്പ് പാടം ആദ്യ വിളവെടുപ്പിനൊരുങ്ങുന്നു. മാർച്ച് 15നും 20നുമിടയിൽ ഫാമിൽ വിളവെടുപ്പ് നടക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
1,700 ടൺ ഗോതമ്പ് വരെ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും ഫാമിലെ ഉദ്യോഗസ്ഥരുമുള്ളത്. ഷാർജയിൽ 500 ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പത്തിൽ 400 ഹെക്ടറിലാണ് ഗോതമ്പ് കൃഷി വ്യാപിച്ചു കിടക്കുന്നത്.
വിളവെടുപ്പ് യന്ത്രങ്ങളുടെ സഹായത്തോടെയാണ് വിളകൾ ശേഖരിക്കുക. ഷാർജയിലെ കൃഷി, കന്നുകാലി വകുപ്പാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കഴിഞ്ഞ നവംബറിലാണ് ഫാമിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. നാല് മാസത്തിനുള്ളിൽ, തന്നെ മരുഭൂമി വിളവെടുപ്പിനായി അണിഞ്ഞൊരുങ്ങുകയായിരുന്നു.
ഷാർജയിലെയും യു.എ.ഇയിലെയും പ്രാദേശിക വിപണിയിലേക്കാണ് വിളവെടുത്ത ഗോതമ്പ് എത്തുക. കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെയാണ് കൃഷി ചെയ്തിരിക്കുന്നത്.