അനുമതിയില്ലാതെ ദൃശ്യങ്ങൾ പങ്കുവച്ചതിന് 15,000 ദിർഹം പിഴ ചുമത്തി
|സോഷ്യൽമീഡിയ ഉപയോഗം സജീവമായ ഈ സമയത്ത്, വലിയ ആലോചനയൊന്നും കൂടാതെ പല വീഡിയോകളും ചിത്രങ്ങളും നമ്മുടെ ഇൻസ്റ്റഗ്രാം, ടിക് ടോക് പോലുള്ള അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നവരാണ് പലരും. എന്നാൽ അത്തരം ചിത്രങ്ങൾ പൊതു ഇടങ്ങളിൽനിന്ന് പകർത്തിയതാണെങ്കിൽ വലിയൊരു അപകടം അതിൽ ഒളിച്ചിരിപ്പുണ്ട്.
അപരിചിതരോ അല്ലെങ്കിൽ തങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ഇഷ്ടപ്പെടാത്തവരോ പകർത്തിയ ദൃശ്യങ്ങളിൽ ഉൾപ്പെടുകയും, അവർ പരാതിപ്പെടുകയും ചെയ്താൽ യു.എ.ഇയിൽ പിഴയും തടവും അടക്കമുള്ള കനത്ത ശിക്ഷാ നടപടികളാണ് നേരിടേണ്ടി വരിക.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ, അനുമതിയില്ലാതെ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച പ്രതികൾക്ക് 15,000 ദിർഹമാണ് അബൂദബി സിവിൽ കോടതി പിഴ ചുമത്തിയത്. അപ്പീൽ കോടതി ഈ വിധി ശരിവക്കുകയും ചെയ്തു.
ടിക്‌ടോക്കിലും സ്നാപ്ചാറ്റിലും ഷെയർ ചെയ്ത വീഡിയോയിലാണ് അപരിചിതരുടെ മുഖം ഉൾപ്പെട്ടിരുന്നത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ധാർമ്മിക നഷ്ടപരിഹാരമായി 51,000 ദിർഹമാണ് ഇവർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
യു.എ.ഇയിൽ, അനുമതിയില്ലാതെ ആളുകളുടെ ദൃശ്യങ്ങൾ പകർത്തുന്നത് വലിയ കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള നിയമലംഘനത്തിന് കുറ്റവാളിക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും തടവും 150,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിച്ചേക്കാം.