ദുബൈയില്‍ ലോകോത്തര സര്‍വകലാശാലയ്ക്ക് 400 മില്യണ്‍ ദിര്‍ഹം സംഭാവന ചെയ്ത് മലയാളി; നന്ദി പറഞ്ഞ് ശൈഖ് ഹംദാന്‍
|ശോഭ റിയല്‍ട്ടേഴ്സ് സ്ഥാപനകന്‍ പി.എന്‍.സി മേനോനാണ് 400 മില്യണ്‍ ദിര്‍ഹം സംഭാവന നല്‍കിയത്
ദുബൈ: ദുബെയില്‍ സര്‍വകലാശാല നിര്‍മിക്കാന്‍ 900 കോടിയോളം ഇന്ത്യന്‍ രൂപ സംഭാവന നല്കി മലയാളി വ്യവസായി. ശോഭ റിയല്‍ട്ടേഴ്സ് സ്ഥാപനകന്‍ പി.എന്‍.സി മേനോനാണ് 400 മില്യണ്‍ ദിര്‍ഹം സംഭാവന നല്‍കിയത്. ഗള്‍ഫിലെ പദ്ധതിക്ക് പ്രവാസി നല്കുന്ന ഏറ്റവും ഉയര്‍ന്ന സംഭാവനകളിലൊന്നാണിത്.
ദുബൈ ഭരണാധികാരി റമദാനില്‍ അമ്മമാരുടെ പേരില്‍ പ്രഖ്യാപിച്ച മദേഴ്സ്ഫണ്ട് എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ലോകോത്തര സര്‍വകലാശാല നിര്‍മിക്കുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 400 മില്യണ്‍ദിര്‍ഹം സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശോഭ റിയല്‍ട്ടേഴ്സുമായി കരാര്‍ ഒപ്പുവെച്ചതായി ശൈഖ് ഹംദാന്‍ വ്യക്തമാക്കി. സംരംഭത്തെ പിന്തുണച്ച ശോഭ റിയല്ട്ടേഴ്സിനും സ്ഥാപകന്‍ പി.എന്‍.സി മേനോനും അദ്ദേഹം നന്ദി പറഞ്ഞു.
യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ ഉന്നത വിദ്യാഭ്യാസം ഉറപ്പുനല്‍കുന്നതായിരിക്കും സര്‍വകലാശാലയെന്ന് യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഖര്ഗാവി പറഞ്ഞു. യു.എ.ഇയില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല സഹായകമാവുമെന്നാണ് പ്രതീക്ഷ.