ദുബൈയിൽ ബഹുമുഖ പാത വരുന്നു
|റോഡ് ഗതാഗത അതോറിറ്റിയാണ് സൈക്കിൾ, സ്‌കൂട്ടർ, കാൽനട യാത്രക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നത്
ദുബൈ നഗരത്തെ സൈക്കിൾ സൗഹൃദമാക്കുകയെന്ന ലക്ഷ്യംവെച്ച് 13.5കി.മീറ്റർ പുത്തൻ പാതവരുന്നു. റോഡ് ഗതാഗത അതോറിറ്റിയാണ് സൈക്കിൾ, സ്‌കൂട്ടർ, കാൽനട യാത്രക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നത്. ട്രാക്കിന് 5 മിറ്റർ വരെയാണ് വീതി കണക്കാക്കുന്നത്. ഇതിൽ 2.5മീറ്റർ ഭാഗം സൈക്കിളിനും സ്‌കൂട്ടറിനും മാത്രമായിരിക്കും. ബാക്കി വരുന്ന രണ്ടര മീറ്റർ കാൽനടയാത്രക്കാർക്കു വേണ്ടിയാകും രൂപപ്പെടുത്തുക.
അൽ ബർഷ, അൽ ബർഷ ഹൈറ്റ്‌സ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ അടക്കം 12വ്യത്യസ്ത താമസ, വാണിജ്യ, വിദ്യഭ്യാസ മേഖലകളിലുള്ളവർക്ക് ഉപകാരപ്പെടുന്നതാണ് പാത. ഹെസ്സസ്ട്രീറ്റ്‌വിപുലീകരണ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർ.ടി.എ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ദുബൈ ഇൻറർനെറ്റ് സിറ്റി മെട്രോ സ്‌റ്റേഷനുമായും മറ്റു പ്രധാന സ്ഥലങ്ങളുമായും ബന്ധിപ്പിച്ചാണ് പാത നിർമിക്കുക. മണിക്കൂറിൽ 5,200പേർക്ക് ഉപയോഗിക്കാനാകും.
പുതിയ ട്രാക്കിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്ന രണ്ട് പാലങ്ങളുണ്ടാകും. ആദ്യത്തേത് ശൈഖ് സായിദ് റോഡിന് മുകളിലൂടെ 528 മീറ്ററും രണ്ടാമത്തേത് അൽ ഖൈൽ റോഡിന് മുകളിലൂടെ 501 മീറ്ററുമായിരിക്കും. ഓരോ പാലത്തിനും 5 മീറ്റർ വീതിയുണ്ടാകും. സൈക്കിളുകൾക്കും ഇ-സ്‌കൂട്ടറുകൾക്കുമായി 3 മീറ്ററും കാൽനടയാത്രക്കാർക്ക് 2 മീറ്ററുമാണ് ഇതിലുണ്ടാവുക. 2030 ഓടെ ദുബൈയിലെ സൈക്ലിംഗ് ട്രാക്കുകളുടെ മൊത്തത്തിലുള്ള നീളം 544 കി.മീറ്ററിൽ നിന്ന് 1,000 കി.മീറ്ററായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.