UAE
അജ്മാനിൽ പുതിയ ബ്രിട്ടീഷ് സ്‌കൂൾ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു
UAE

അജ്മാനിൽ പുതിയ ബ്രിട്ടീഷ് സ്‌കൂൾ 'നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂൾ' പ്രവർത്തനമാരംഭിച്ചു

Web Desk
|
29 Aug 2024 4:46 PM GMT

അജ്മാനിൽ പരിസ്ഥിതി സൗഹൃദ കാമ്പസുകൾക്ക് തുടക്കം കുറിച്ച ഹാബിറ്റാറ്റ് സ്‌കൂളുകളുടെ ഉടമസ്ഥരായ എ ആൻഡ് സെഡ് ഗ്രൂപ്പാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂൾ ആരംഭിച്ചത്

അജ്മാനിൽ പുതിയ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. 'നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂൾ' എന്ന പേരിലാണ് പുതിയ വിദ്യാലയം. അജ്മാനിലെ തന്നെ ഏറ്റവും വലിയ കാമ്പസിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള സ്‌കൂളെന്ന് സംരംഭകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.അജ്മാനിൽ പരിസ്ഥിതി സൗഹൃദ കാമ്പസുകൾക്ക് തുടക്കം കുറിച്ച ഹാബിറ്റാറ്റ് സ്‌കൂളുകളുടെ ഉടമസ്ഥരായ എ ആൻഡ് സെഡ് ഗ്രൂപ്പാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂൾ ആരംഭിച്ചത്.

ബ്രിട്ടീഷ് സിലബസ് പിന്തുടരുന്നതൊടപ്പം യു.എ.ഇ.യുടെ സാംസ്‌കാരിക പൈതൃകം കൂടി ഇഴചേർക്കുന്നതായിരിക്കും പുതിയ സ്‌കൂളെന്ന് ഓപ്പറേഷൻസ് ഡയറക്ടർ ഷമ്മ മറിയം പറഞ്ഞു. അജ്മാനിലെ ഹമീദിയയിൽ 394,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ സ്‌കൂൾ കാമ്പസ്. 11എ-സൈഡ് ഫുട്‌ബോൾ പിച്ച്, ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പെഷ്യലിസ്റ്റ് മുറികൾ എന്നിവ കാമ്പസിലുണ്ട്.

യു.എ.ഇയിൽ ആദ്യമായി കൃഷിയും കോഡിംഗും സ്‌കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയ ഗ്രൂപ്പാണ് ഈ സ്‌കൂളിന് പിന്നിൽ. റോബോട്ടിക്‌സ്, എ.ഐ ലാബ് എന്നിവയും ഇവിടെയുണ്ടാകും. എസ് ആൻഡ് സെഡ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ ആൽ നുഐമി, പ്രിൻസിപ്പൽ ഗാരി വില്യംസ്, പ്രൈമറി വിഭാഗം മേധാവി ജുആനി എറാമസ്, ജിഹാൻ മൻസൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Similar Posts