യു.എ.ഇയുമായുള്ള വ്യാപാരത്തിൽ രൂപ-ദിർഹം പേയ്മെന്റ് സംവിധാനം നടപ്പിലായേക്കും
|ഇന്ത്യയുടെ യു.എ.ഇയുമായുള്ള വ്യാപാരത്തിൽ പ്രദേശിക കറൻസികളായ രൂപ-ദിർഹം ഉപയോഗിച്ച് പേയ്മെന്റ് സെറ്റിൽമെന്റ് നടപ്പിലാക്കാൻ സാധ്യത.
ഇന്ത്യയുടെ ആവശ്യപ്രകാരം ആർ.ബി.ഐയുമായി യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ പേയ്മെന്റ് സംവിധാനത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ ആരംഭിച്ചു. സെപ്റ്റംബറിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ലയും നേതൃത്വം നൽകിയ അബൂദബിയിൽ നടന്ന 14ാമത് ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ സമ്മേളനത്തിലാണ് പുതിയ ചർച്ചകൾ ആരംഭിച്ചത്.
വിഷയത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്താൻ യു.എ.ഇ പുതിയ നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വലിയ ഉഭയകക്ഷി വ്യാപാരമാണ് നിലനിൽക്കുന്നത്. പുതിയ നടപടി ഇരുരാജ്യങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിലായിരിക്കും നടപ്പിലാക്കുകയെന്ന് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
യു.എ.ഇ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ വ്യാപാര പങ്കാളിയാണ്. പ്രാദേശിക കറൻസികൾ ഉപയോഗിച്ചുള്ള വ്യാപാരം ചരക്കുകൈമാറ്റ ചെലവുകൾ കുറയ്ക്കും. കൂടാതെ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം വർധിപ്പിക്കാനും ഇത് സഹായകരമാകും.