ഗൾഫുമായുള്ള വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും; ഉറപ്പേകി യു.കെ മന്ത്രി
|വ്യാപാര കരാറുകൾക്കായി ചർച്ചകൾ നടത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നും ബദേനോച്ച് പറഞ്ഞു.
ദുബൈ: യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായുള്ള യു.കെയുടെ സ്വതന്ത്രവ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും. 2025 ജനുവരിയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പോടെ ഋഷി സുനക് സർക്കാരിന്റെ കാലാവധി പൂർത്തിയാവുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാനുള്ള തിരക്കിട്ട നീക്കമാണ് പുരോഗമിക്കുന്നത്.
ബ്രിട്ടീഷ് മന്ത്രിയും ബിസിനസ് സെക്രട്ടറിയുമായ കെമി ബദേനോച്ചിന്റെ ഗൾഫ് സന്ദർശന വേളയിലാണ് ഇതു സംബന്ധിച്ച സുപ്രധാന ചർച്ചകൾ നടക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ബദേനോച്ച് 'ദി നാഷനൽ' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് വ്യക്തമാക്കിയത്.
വ്യാപാര കരാറുകൾക്കായി ചർച്ചകൾ നടത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നും ബദേനോച്ച് പറഞ്ഞു. ആറ് ഗൾഫ് രാജ്യങ്ങളുമായി കഴിഞ്ഞ വർഷമാണ് ചർച്ച ആരംഭിച്ചത്. നാലാംവട്ട ചർച്ചകൾ ഈ വർഷം നടക്കും. സാങ്കേതികത, ഡാറ്റ, സാമ്പത്തിക സേവനങ്ങൾ, പ്രഫഷണൽ സേവനങ്ങൾ എന്നിവയിലാണ് യു.എ.ഇ പ്രധാനമായും ശ്രദ്ധയൂന്നുന്നത്.
2022ൽ യു.കെയും ജി.സി.സിയും തമ്മിലുള്ള വ്യാപാരം റൊക്കോർഡ് ഉയരത്തിലാണ്. ഏതാണ്ട് 61.3 ശതകോടി പൗണ്ടിന്റെ വ്യാപാരമാണ് പോയ വർഷം നടന്നത്. പുതിയ വ്യാപാര കരാറിലൂടെ ഇത് 16 ശതമാനം വർധിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.