'ആയിരത്തൊന്ന് നുണകൾ'; സലീം അഹമ്മദിന്റെ പുതിയ സിനിമ അജ്മാനിൽ ചിത്രീകരണം തുടരുന്നു
|ആദ്യകാല പ്രവാസികളുടെ നോവുന്ന കഥ പറഞ്ഞ പത്തേമാരിയുടെ നിർമാതാക്കൾ ഈ സിനിമയിലും കൈകോർക്കുന്നു
ദേശീയ പുരസ്കാര ജേതാവ് സലീം അഹമ്മദിന്റെ പുതിയ സിനിമ യു.എ.ഇയിലെ അജ്മാനിൽ ചിത്രീകരണം പുരോഗമിക്കുന്നു. ആയിരത്തൊന്ന് നുണകൾ എന്ന് പേരിട്ട സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് പുതുമുഖമായ പ്രവാസിയാണ്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും പുതുമുഖങ്ങളാണ്.
അജ്മാനിലെ ഹീലിയോയിൽ വിശാലമായ വില്ലയിലാണ് 'ആയിരത്തൊന്ന് നൂണകൾ' ഏതാണ്ട് പൂർണമായും ചിത്രീകരിക്കുന്നത്. സംവിധായകൻ സലീം അഹമ്മദ് ഈ സിനിമയുടെ നിർമാതാവിന്റെ റോളിലാണ്. ആദ്യകാല പ്രവാസികളുടെ നോവുന്ന കഥ പറഞ്ഞ പത്തേമാരിയുടെ നിർമാതാക്കൾ ഈ സിനിമയിലും കൈകോർക്കുന്നു. പത്തുവർഷമായി യു.എ.ഇയിലുള്ള നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകൻ താമർ സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചർ സിനിമയാണിത്.
ഓഡിഷനീലൂടെയാണ് സിനിമയിലെ അഭിനേതാക്കളെ തെരഞ്ഞെടുത്തത്. തുല്യപ്രാധാന്യമുള്ള 13 കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരിൽ ഭൂരഭാഗം പേരും പ്രവാസികളാണ്. വെബ്സീരിസുകളിലൂടെ ശ്രദ്ധേയരായ വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാർ, ഷിൻസ് ഷാൻ എന്നിവർക്ക് പുറമെ യു.എ.ഇ പ്രവാസികളായ രശ്മി കെ നായർ, സുദീപ് കോശി, രമ്യ സുരേഷ് കാനഡയിൽ പ്രവാസിയായ സുധീഷ് സ്കറിയ എന്നിവരും പ്രധാന റോളുകളിലുണ്ട്. യു.എ.ഇയിൽ ജനിച്ചുവളർന്ന ഹാഷിം സുലൈമാനാണ് തിരക്കഥ. ആഴ്ചകൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാകുന്ന ആയിരത്തൊന്ന് നുണകൾ തിയേറ്ററുകളിലാണ് റിലീസ് ചെയ്യുക.