UAE
Department of Education curbs tuition fee increase in private schools in Abu Dhabi
UAE

അബൂദബിയിലെ സ്വകാര്യസ്‌കൂളുകളിൽ ട്യൂഷൻ ഫീ വർധനക്ക് കടിഞ്ഞാണിട്ട് വിദ്യാഭ്യാസ വകുപ്പ്

Web Desk
|
10 Nov 2024 4:50 PM GMT

അസാധാരണ സാഹചര്യത്തിൽ പോലും 15 ശതമാനത്തിൽ കൂടുതൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ പാടില്ല

അബൂദബി: അബൂദബിയിലെ സ്വകാര്യസ്‌കൂളുകളിൽ ട്യൂഷൻ ഫീ വർധനക്ക് കടിഞ്ഞാണിട്ട് വിദ്യാഭ്യാസ വകുപ്പ്. അസാധാരണ സാഹചര്യത്തിൽ പോലും 15 ശതമാനത്തിൽ കൂടുതൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് വ്യക്തമാക്കി.

ഫീസ് വർധനവിന് അനുമതി ലഭിക്കാൻ സ്‌കൂളുകൾ വിവിധ നിബന്ധനകൾ പാലിക്കണം. വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കിയാണ് ഫീസ് വർധന അംഗീകരിക്കുക. രണ്ടുവർഷത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായതായി സ്‌കൂളുകൾ ബോധ്യപ്പെടുത്തുകയും ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം. മൂന്നുവർഷമായി പ്രവർത്തിക്കുന്നതാവണം സ്‌കൂൾ.

അനുമതി ലഭിച്ചാലും അക്കാദമിക വർഷത്തിൽ ഒരിക്കൽ മാത്രമേ ഫീസ് വർധിപ്പിക്കാനാവൂ. മൂന്ന് തവണകളായോ വർഷത്തിൽ 10 തവണകളായോ ഫീസ് ഈടാക്കാം. അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പ് രജിസ്‌ട്രേഷൻ ഫീസിന്റെ ആദ്യ ഗഡു വാങ്ങാവുന്നതാണ്. ട്യൂഷൻ ഫീസിന്റെ അഞ്ചുശതമാനം വരെയേ രജിസ്ട്രേഷൻ ഫീസായി വാങ്ങാവൂ. ഈ തുക അവസാന ട്യൂഷൻ ഫീസിൽ നിന്ന് കുറയ്ക്കണം. ഫീസിനു പകരമായി രക്ഷിതാക്കളിൽ നിന്ന് സാമ്പത്തികമായ മറ്റ് ഈടുകൾ ആവശ്യപ്പെടരുത്. വിദ്യാർഥിക്ക് സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്നതിനു മുന്നോടിയായി രക്ഷിതാക്കളിൽ നിന്ന് മുൻകൂർ പണം വാങ്ങാനോ ആദ്യ തവണത്തെ രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനോ ആവശ്യപ്പെടരുത്.

ജീവനക്കാരുടെ മക്കളെ സ്‌കൂളിൽ ചേർക്കുന്ന സമയത്ത് പ്രത്യേക ഫീസ് ഇളവ് നൽകുന്നുണ്ടെങ്കിൽ ഇക്കാര്യം തൊഴിൽ കരാറിൽ ഉൾപ്പെടുത്തിയിരിക്കണം. എംബസിയിൽ അഫിലിയേഷനുള്ള സ്വകാര്യ സ്‌കൂളുകൾക്ക് അസാധാരണ ഫീസ് വർധനവിന് അനുമതി നൽകുന്നുണ്ട്. സ്‌കൂളുകൾ ഫീസ് ഷെഡ്യൂൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം. സ്‌കൂൾ റേറ്റിങ് പരിശോധനകളെ അടിസ്ഥാനമാക്കിയാണ് സാധാരണ സാഹചര്യങ്ങളിൽ ഫീസ് വർധന നടത്തേണ്ടത്. ഔട്ട്സ്റ്റാൻഡിങ് റേറ്റിങ്ങിന് ട്യൂഷൻ ഫീസിന്റെ 3.94 ശതമാനം വരെയും വെരി ഗുഡ് റേറ്റിങ്ങിന് 3.3.8 ശതമാനവും ഗുഡ് റേറ്റിങ്ങിന് 2.81 ശതമാനവും ആക്സപ്റ്റബിൾ, വീക്ക്, വെരിവീക്ക് റേറ്റിങ് ലഭിച്ച സ്‌കൂളുകൾക്ക് പരമാവധി 2.25 ശതമാനവും ഫീസ് വർധനവ് നടത്താം.

Similar Posts