കൊടുംക്രൂരത! പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് അബൂദബി
|കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അബൂദബി നഗരസഭ വകുപ്പ്
അബൂദബി: മരൂഭൂമിയിൽ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മനുഷ്യത്വരഹിതമായ നടപടിയാണിതെന്ന് അബൂദബി നഗരസഭ വകുപ്പ് അഭിപ്രായപ്പെട്ടു.
അബൂദബിയിലെ അൽഫല മേഖലയിലാണ് നൂറിലേറെ പൂച്ചകളെയും നായ്ക്കളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംചൂടിൽ ഇവയിൽ പലതും ചത്തുപോയിരുന്നു. മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന ചില കൂട്ടായ്മകൾ ഇവയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി നഗരസഭ ഗതാഗത വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
മൃഗങ്ങളെ ഉപേക്ഷിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്നും നഗരസഭ വകുപ്പ് ചൂണ്ടിക്കാട്ടി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കും. പൂച്ചകളെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വിലയിരുത്തും. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിപ്പെടുത്തിയ സന്നദ്ധപ്രവർത്തകരുടെയും മൃഗസ്നേഹികളുടെയും വികാരത്തെ മാനിക്കുന്നുവെന്നും അബൂദബി നഗരസഭ വകുപ്പ് വ്യക്തമാക്കി.
Summary: Abu Dhabi launches investigation after 150 cats are found dumped in Al Falah desert