UAE
Abu Dhabi loves Indian cities; Mumbai ranked first
UAE

അബൂദബിക്ക് പ്രിയം ഇന്ത്യൻ നഗരങ്ങൾ; മുംബൈ ഒന്നാം സ്ഥാനത്ത്, കൊച്ചി മൂന്നാമത്

Web Desk
|
28 Nov 2023 5:42 PM GMT

ഈ വർഷം അവസാനത്തോടെ അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 22 ദശലക്ഷമായി വർധിക്കുമെന്ന് എം.ഡി പറഞ്ഞു.

അബൂദബി വിമാനത്താവളത്തിൽനിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത് ഇന്ത്യൻ നഗരങ്ങളിലേക്കെന്ന് വിമാനത്താവളം അധികൃതർ. ഏറ്റവും കൂടുതൽ പേർ അബൂദബിയിൽനിന്ന് പറക്കുന്നത് മുംബൈയിലേക്കാണ്. ഈ പട്ടികയിൽ കൊച്ചിയാണ് മൂന്നാം സ്ഥാനത്ത്.

അബൂദബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലായ ടെർമിനൽ എയുടെ സൗകര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അബൂദബി എയർപോർട്ട് എം.ഡി എലേന സൊർലിനിയാണ് അബൂദബിയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന നഗരങ്ങളുടെ പട്ടിക അറിയിച്ചത്. മുംബൈ ഒന്നാം സ്ഥാനത്തും ലണ്ടൻ രണ്ടാം സ്ഥാനത്തുമാണ്. കൊച്ചിയാണ് മൂന്നാം സ്ഥാനത്തുള്ളത്. അബൂദബിയിൽ നിന്നുള്ള ടിക്കറ്റ് വിൽപനയുടെ കാര്യത്തിലും മുംബൈ തന്നെയാണ് മുന്നിൽ. ഇക്കാര്യത്തിൽ കൊച്ചിക്ക് അഞ്ചാം സ്ഥാനമുണ്ട്.

ഈ വർഷം അവസാനത്തോടെ അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 22 ദശലക്ഷമായി വർധിക്കുമെന്ന് എം.ഡി പറഞ്ഞു. ഒക്ടോബർ മുതൽ യാത്രക്കാരുടെ എണ്ണത്തിൽ 49 ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വേനൽകാല സീസണിൽ ദിവസം 340 വിമാനങ്ങളാണ് അബൂദബിയിലേക്ക് സർവീസ് നടത്തിയിരുന്നതെങ്കിൽ ഈ വിന്റർ സീസണിൽ അത് 410 വിമാനങ്ങളായി വർധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. മണിക്കൂറിൽ 79 വിമാനങ്ങളെയും 11,000 യാത്രക്കാരെയും ഉൾകൊള്ളാൻ ശേഷിയുള്ളതാണ് അബൂദബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ. വിപുലമായ ബയോമെട്രിക് ബോർഡിങ് ചെക്ക് ഇൻ സംവിധാനങ്ങൾ, ഭക്ഷശാലകൾ ഉൾപ്പെടെ 163 ഷോപ്പുകൾ എന്നിവ പുതിയ ടെർമിനലിലുണ്ട്.

Related Tags :
Similar Posts