യു.എ.ഇയിൽ റോഡിൽ വേഗത കുറഞ്ഞാലും പിഴ
|കുറഞ്ഞ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ
അബൂദബി: റോഡിൽ വേഗത കുറഞ്ഞാലും പിഴ ഈടാക്കാനുള്ള തീരുമാനവുമായി യു.എ.ഇയിലെ അബൂദബി പൊലീസ്. അബൂദബി ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിലെ രണ്ട് വരികളിലാണ് ശരാശരി വേഗത 120 കിലോമീറ്ററായി നിശ്ചയിച്ചത്. നിയമം പാലിക്കാത്തവർക്ക് 400 ദിർഹമാണ് പിഴ. ഏപ്രിൽ ഒന്ന് മുതൽ സംവിധാനം നിലവിൽ വരും.
നിയമം പാലിക്കാത്തവർക്ക് ഏപ്രിൽ ഒന്ന് മുതൽ മുന്നറിയിപ്പ് നൽകും. മെയ് ഒന്ന് മുതൽ പിഴയീടാക്കും. ഇടതുവശത്ത് നിന്ന് ആദ്യത്തെ രണ്ട് ലൈനുകളിലാണ് ശരാശരി വേഗത 120 കിലോമീറ്ററാക്കിയത്. ഭാരവാഹനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വലതുവശത്തെ ലൈനിലും വലതുവശത്തെ രണ്ടാമത്തെ ലൈനിലും ഈ നിയമം ബാധകമല്ല. എല്ലാ ലൈനുകളിലും പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും.
വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് വേഗപരിധി നിശ്ചയിക്കുന്നതെന്നും കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ വലതു പാത തെരഞ്ഞെടുക്കണമെന്നും അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ മേജർ ജനറൽ അഹ്ദമ് അൽ മുഹൈരി പറഞ്ഞു.
Abu Dhabi Police in UAE has decided to charge a fine even if the speed limit is reduced