UAE
യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി  അബൂദബി പൊലീസും
UAE

യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബൂദബി പൊലീസും

Web Desk
|
19 April 2022 6:17 AM GMT

യാചകരെ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

യാചക മാഫിയക്കെതിരെ കര്‍ശന നടപടിയുമായി അബൂദബി പൊലീസും രംഗത്ത്. സംഘടിത യാചകര്‍ക്കെതിരെ പൊതുജനങ്ങളെ ബോധവല്‍കരിക്കാന്‍ പൊലീസ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

യു.എ.ഇയിലുടനീളവും മറ്റു അറബ് രാജ്യങ്ങളിലും യാചനയ്‌ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ച് വരുന്നത്. കെട്ടിചമച്ച കഥകളുമായി പണം ആവശ്യപ്പെട്ട് സമീപിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നാണ് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്.

മസ്ജിദുകള്‍ അടക്കം ജനങ്ങള്‍ കൂടുന്നിടത്തെല്ലാം ഇത്തരം യാചകരെ പലപ്പോഴും കാണാം. ഇവരില്‍ പലരും സംഘടിത യാചക സംഘത്തിലെ കണ്ണികളായിരിക്കും. യാചക മാഫിയക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. യാചകരെ സംഘടിപ്പിച്ച് പണം തട്ടുന്നവരെ പിടികൂടിയാല്‍ ലക്ഷം ദിര്‍ഹം പിഴയും ആറുമാസം തടവുമാണ് ശിക്ഷ.

പിടിയിലാകുന്ന യാചകര്‍ക്ക് അയ്യായിരം ദിര്‍ഹം പിഴയും മൂന്നുമാസം തടവും ലഭിക്കും. യാചകര്‍ ചമഞ്ഞ് എത്തുന്നവര്‍ക്ക് പണം നല്‍കരുത്. യാചകരെ കണ്ടാല്‍ അക്കാര്യം ടോള്‍ഫ്രീ നമ്പറില്‍ പൊലീസിനെ അറിയിക്കണമെന്നും അബൂദബി പൊലീസ് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

Similar Posts